യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ഭർത്താവ് വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായി പോലീസ്

By Akhila Vipin .23 05 2020

imran-azhar

 


അഞ്ചൽ: കൊല്ലം അഞ്ചൽ സ്വദേശി ഉത്ര പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ നിർണ്ണായക തെളിവ് ലഭിച്ചതായി പോലീസ്. ഉത്രയുടെ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജിനെതിരെയാണ് തെളിവ് ലഭിച്ചത്. ഇയാൾ വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നുവെന്നും ഇയാൾക്ക് പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഇയാൾക്ക് പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ ഫോൺ കോളുകൾ പരിശോധിച്ചു വരികയാണ്.

 

ഉത്രയെ അപായപ്പെടുത്തിയത് സൂരജാണെന്ന് ആരോപിച്ച് രക്ഷിതാക്കൾ അ‍ഞ്ചൽ സിഐക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഉത്ര മരിച്ച ദിവസം കിടപ്പു മുറിയുടെ ജനാല തുറന്നിട്ടിരുന്നതായാണ് സൂരജ് പൊലീസിനോട് പറഞ്ഞത്. ജനാലയിലൂടെ കയറിയ വിഷപ്പാമ്പ് കടിച്ചാണു മരണമെന്നായിരുന്നു കരുതിയത്. എന്നാൽ ശീതീകരിച്ച മുറിയിലെ കട്ടിലിൽ കിടന്ന ഉത്രയെ പാമ്പ് കടിച്ചെന്നതു വിശ്വസനീയമല്ലെന്നു പൊലീസ് പറയുന്നു. ഉത്രയുടെ വീട്ടുകാരാണ് അപായപ്പെടുത്തിയതെന്ന് ആരോപിച്ച് സൂരജ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

 

കഴിഞ്ഞ 7ന് രാവിലെയാണ് ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ കണ്ട വിഷപ്പാമ്പിനെ തല്ലിക്കൊന്നു. ഉത്രയ്ക്ക് മാർച്ച് 2നു സൂരജിന്റെ വീട്ടിൽവച്ചു പാമ്പ് കടിയേറ്റതിനെത്തുടർന്നുള്ള ചികിത്സയ്ക്കായി മാതാപിതാക്കൾക്കൊപ്പം കുടുംബ വീട്ടിൽ താമസിക്കുമ്പോഴാണു വീണ്ടും പാമ്പ് കടിയേറ്റ് മരിക്കുന്നത്.

 

 

 

 

 

 

 

 

OTHER SECTIONS