തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കം പ്രതിരോധിക്കാൻ 100 ദിന കർമപദ്ധതി

നഗരത്തിലെ വെള്ളക്കെട്ട് തടയുന്നതിനുള്ള കർമപദ്ധതിക്ക് തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികളും ദീർഘകാല പരിഹാരങ്ങളും ഉൾപ്പെടുത്തിയാണ് 100 ദിവസത്തെ കർമപദ്ധതി

author-image
Greeshma Rakesh
New Update
തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കം പ്രതിരോധിക്കാൻ  100 ദിന കർമപദ്ധതി

തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് തടയുന്നതിനുള്ള കർമപദ്ധതിക്ക് തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം.

വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികളും ദീർഘകാല പരിഹാരങ്ങളും ഉൾപ്പെടുത്തിയാണ് 100 ദിന കർമപദ്ധതി.

ഗരത്തിന് കുറുകെയുള്ള ആമയിഴഞ്ഞാൻ, പട്ടം, ഉള്ളൂർ കനാലുകളുടെ ആഴം കൂട്ടലും സ്മാർട്ട് സിറ്റിയുടെയും കേരള റോഡ് ഫണ്ട് പദ്ധതിയുടേയും ഭാഗമായ 81 റോഡുകളിലെ അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിലായിരിക്കും പദ്ധതി ഊന്നൽ നൽകുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.ശിവൻകുട്ടി, ആന്റണി രാജു എന്നിവർ പറഞ്ഞു.

സിറ്റി കോർപ്പറേഷന്റെയും ദേശീയ പാതയുടെയും കീഴിലുള്ള റോഡുകളിലും ചാക്ക-ഈഞ്ചക്കൽ ബൈപാസ് റോഡിലും കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടുകളും ഒരാഴ്ചയ്ക്കുള്ളിൽ വൃത്തിയാക്കും. കർമപദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യാനും എല്ലാ ആഴ്ചയും സർക്കാരിന് റിപ്പോർട്ട് നൽകാനും യോഗം ജില്ലാ കലക്ടർ ജെറോമിക് ജോർജിനെ ചുമതലപ്പെടുത്തി.മാത്രകമല്ല പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.

അതെസമയം മൂന്ന് കനാലുകളിലെ മാലിന്യം നീക്കിയാൽ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് യോഗത്തിൽ മന്ത്രിമാർ പറഞ്ഞു. കനാലുകളിൽ 1.5 ലക്ഷം ക്യുബിക് മീറ്റർ ചെളി അടിഞ്ഞുകൂടിയിരിക്കുന്നതായാണ് കർമപദ്ധതിയിൽ കണക്കാക്കുന്നത്.

കനാലുകളിൽ സ്ഥിരമായ ടാബ് നിലനിർത്താൻ ഒരു ഓട്ടോമാറ്റിക് തൽസമയ ജലനിരപ്പ് നിരീക്ഷണവും അലേർട്ട് സംവിധാനവും സ്ഥാപിക്കും.കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനും കനാലുകളുടെ വെള്ളം വഹിക്കാനുള്ള ശേഷി പുനഃസ്ഥാപിക്കുന്നതിനും സബ് കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.

സ്മാർട് സിറ്റി റോഡുകളുടെയും അട്ടക്കുളങ്ങര, വഴുതക്കാട് വഴിയുള്ള കെആർഎഫ്ബി റോഡുകളുടെയുംപ്രവർത്തനം ടെൻഡർ ചെയ്‌തതായും അടുത്ത ജൂണിൽ പണി പൂർത്തിയാക്കുമെന്നും മന്ത്രിമാർ യോഗത്തെ അറിയിച്ചു.

പട്ടം, ഉള്ളൂർ, കുന്നുകുഴി കനാലുകളുടെ വീതികൂട്ടൽ ഉൾപ്പെടെയുള്ളവയും പരിഗണനയിലാണ്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ തെറ്റിയാർ കനാൽ വീതികൂട്ടുന്നതിനും സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിനും നടപടി സ്വീകരിക്കും. ടെക്‌നോപാർക്ക് കാമ്പസിലെ വെള്ളക്കെട്ട് പരിഹരിക്കാൻ തെറ്റിയാർ കനാലിന്റെ അടിത്തട്ട് വീതികൂട്ടും.

കരമന, കിള്ളി, വാമനപുരം നദികളോട് ചേർന്നുള്ള പാർശ്വഭിത്തി നിർമാണവും അരുവിക്കര അണക്കെട്ടിന്റെയും ആക്കുളം, വെള്ളായണി കായലുകളിലെ മാലിന്യം നീക്കം ചെയ്യുന്നതും ഉടൻ പൂർത്തിയാകും. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ വേളി കായലിന്റെ മുഖത്ത് ഡിസ്ചാർജ് റഗുലേറ്റർ സ്ഥാപിക്കും. വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള ജിഐഎസ് അടിസ്ഥാനമാക്കിയുള്ള മാസ്റ്റർ പ്ലാനാണ് യോഗത്തിലെ മറ്റൊരു പ്രധാന നിർദ്ദേശം.

അഴുക്കുചാലുകളിൽ മാലിന്യം നീക്കാൻ സക്കിംഗ് കം ജെറ്റിംഗ് മെഷീനുകൾ വാങ്ങാൻ കോർപറേഷൻ തീരുമാനിച്ചതായി മേയർ ആര്യ രാജേന്ദ്രൻ യോഗത്തിൽ പറഞ്ഞു. മാൻഹോളുകളിലേക്കുള്ള അനധികൃത കണക്ഷനുകൾ കണ്ടെത്തുന്നതിന് കോർപ്പറേഷനും കേരള വാട്ടർ അതോറിറ്റിയും ഒരു ഡ്രൈവ് ആരംഭിക്കുകയും കനാലുകളിലേക്ക് അനധികൃതമായി മാലിന്യം തള്ളുന്നത് കണ്ടെത്താൻ എഐ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യും.

മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണം ശക്തിപ്പെടുത്തും.തിങ്കളാഴ്ച നടന്ന യോഗത്തിൽ റവന്യൂ, ദുരന്തനിവാരണം, പൊതുമരാമത്ത്, ജലസേചനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

kerala flood 100 day action plan thiruvananthapuram city