ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് ഒന്നാം സ്ഥാനം; പിണറായി രണ്ടാമത്

By Shyma Mohan.13 Feb, 2018

imran-azhar


    ന്യൂഡല്‍ഹി: രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 22 കേസുകളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഒന്നാം സ്ഥാനത്തും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 8 ഗുരുതര ക്രിമിനല്‍ കേസുകള്‍ അടക്കം 22 കേസുകള്‍ ദേവേന്ദ്ര ഫഡ്‌നാവിസിനുള്ളപ്പോള്‍ 11 കേസുകളാണ് പിണറായി വിജയന്റെ പേരിലുള്ളത്. 10 കേസുകളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മൂന്നാം സ്ഥാനത്തും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് 8 കേസുകളുമായി നാലാം സ്ഥാനത്തും പട്ടികയില്‍ ഇടം നേടി. കോണ്‍ഗ്രസിന്റെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പേരില്‍ നാലു വീതം കേസുകളാണുള്ളത്. ടിഡിപി നേതൃത്വത്തിലുള്ള ആന്ധ്ര മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ പേരില്‍ 3 കേസുകളും പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമിയുടെയും തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെയും പേരില്‍ രണ്ടുവീതം കേസുകളുണ്ട്. ഓരോ വീതം കേസുകളുമായി കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമാണ് ഏറ്റവും കുറഞ്ഞ കേസുകളുടെ എണ്ണവുമായി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പേരില്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ട്. ഗുരുതരമായ ക്രിമിനല്‍ കേസുകളുള്ള മുഖ്യമന്ത്രിമാരില്‍ പിണറായി വിജയനും ഉള്‍പ്പെടുന്നു.

OTHER SECTIONS