'ഗ്രൈന്‍ഡഡ്രാപ്' ഡെന്‍മാര്‍ക്കിലെ വിനോദ കടല്‍വേട്ട;ചത്തൊടുങ്ങിയത് 1500ഓളം ഡോള്‍ഫിനുകൾ

By സൂരജ് സുരേന്ദ്രന്‍.16 09 2021

imran-azhar

 

 

ഡെന്‍മാര്‍ക്കിലെ ഫെറോ ദ്വീപിന് ഇപ്പോൾ അലയടികളുടെ ശാന്തതയില്ല ദ്വീപിന് ഇപ്പോൾ ചുവപ്പ് കളറാണ്. വർണ്ണപ്പൊടികളുടെ ചുവപ്പ് നിറമല്ല. കട്ട ചോരയുടെ ചുവപ്പ് നിറം. ദ്വീപില്‍ എല്ലാ വർഷവും നടക്കാറുള്ള ഗ്രൈന്‍ഡഡ്രാപ് എന്ന വിനോദ കടല്‍വേട്ടയിൽ ബലിയാടായത് 1500ഓളം ഡോള്‍ഫിനുകളാണ്. 400 വര്‍ഷത്തോളമായി നടത്തപ്പെടാറുള്ള ദുരാചാരത്തിന്റെ ബാക്കി പത്രം. ഈ ക്രൂരകൃത്യം ഫെറോ ദ്വീപില്‍ നിയമാനുസൃതവും അംഗീകൃതവുമാണ് എന്നതാണ് മറ്റൊരു വിരോധാഭാസം. ദ്വീപിന്റെ തീരത്ത് കൂട്ടിയിട്ടിരിക്കുന്ന ചത്ത ഡോൾഫിനുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 


ഈ വിനോദ കടൽവേട്ട മനഃസാക്ഷിയുള്ളവർക്ക് കണ്ടുനിൽക്കാനാകുമോ എന്ന് ചോദിചച്ചാൽ മൂക്കത്ത് വിരൽ വെച്ച് നിൽക്കേണ്ടി വരും. തിമിംഗലങ്ങളെയും ഡോള്‍ഫിനേയും വേട്ടയാടി ആദ്യം തീരത്തെത്തിക്കും, പിന്നീട് അവയെ കഴുത്തറുത്ത് കൊന്ന് രക്തം ദ്വീപിൽ ഒഴുക്കും. ഡ്രില്ലിങ് മെഷീനും മറ്റ് മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ആസ്വദിച്ചാണ് ഇവയുടെ കഴുത്ത് അറുക്കുന്നത്. ഈ ക്രൂര വിനോദം ആഘോഷിക്കാനും, കണ്ട് രസിക്കാനും തിക്കും തിരക്കും കൂട്ടുകയാണ് ദ്വീപ് ജനത. ഗ്രൈന്‍ഡഡ്രാപ് കടല്‍വേട്ടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച മാത്രം കൊന്നുതള്ളിയത് 1428 ഡോള്‍ഫിനുകളെ.


1940ലാണ് ഇതിന് മുൻപ് ആയിരം കടന്നത്. പൈലറ്റ് വേള്‍സ് എന്നറിയപ്പെടുന്ന ചെറു തിമിംഗലങ്ങളെയാണ് ഇവര്‍ കൂടുതലും കൊന്നൊടുക്കുന്നത്. അതേസമയം മെര്‍ക്കുറി അടങ്ങിയ തിമിംഗല ഇറച്ചി കടുത്ത ആരോഗ്യപ്രശ്‌നങ്ങളും ദ്വീപില്‍ സൃഷ്ടിക്കുന്നുണ്ട്. ഓര്‍മ്മക്കുറവ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങള്‍ ദ്വീപിലുള്ളവര്‍ക്കുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എന്നിട്ടും ഇത്തരത്തിലുള്ള ദുരാചാരങ്ങൾ മുറുക്കെ പിടിക്കുകയാണ് ദ്വീപ് ജനത.


ഫെറോ ദ്വീപ് ജനതയ്ക്ക് ഇതൊരു ആചാരമാണെങ്കിലും, ക്രൂരകൃത്യത്തിനെതിരേ ആഗോളതലത്തില്‍ വലിയ രോഷവും ഉയര്‍ന്നു. ഇത്രയും ക്രൂരമായ വേട്ടയാടല്‍ അനുവദിക്കരുതെന്നും ഡോള്‍ഫിന്‍ വേട്ടയ്‌ക്കെതിരേ നടപടി വേണമെന്നും കടല്‍ജീവി സംരക്ഷണ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു.

 

OTHER SECTIONS