By Shyma Mohan.11 Feb, 2018
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അപ്രഖ്യാപിതമായി നടപ്പാക്കിയ നോട്ട് നിരോധനം കഴിഞ്ഞ് 15 മാസം പിന്നിട്ടിട്ടും തിരിച്ചെത്തിയ അസാധു നോട്ടുകളുടെ എണ്ണത്തില്‍ കൃത്യതയില്ലാതെ ഇരുട്ടില്‍ തപ്പി ആര്.ബി.ഐ. വിവരാവകാശ നിയമപ്രകാരം മാധ്യമപ്രവര്ത്തകന് നല്കിയ അപേക്ഷക്കുള്ള മറുപടിയിലാണ് തിരികെയെത്തിയ നോട്ടുകള്‍ കൃത്യമായി എണ്ണിക്കഴിഞ്ഞിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയിരിക്കുന്നത്. തിരികെയെത്തിയ നോട്ടുകളുടെ മൂല്യം എത്രയാണെന്നുള്ളതിനും ആര്.ബി.ഐ വ്യക്തമായി മറുപടി നല്‍കിയില്ല. നോട്ടെണ്ണല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നാണ് ആര്.ബി.ഐ മറുപടി നല്‍കിയിരിക്കുന്നത്. നിക്ഷേപിച്ച നോട്ടുകളുടെ മൂല്യം അറിയുന്നതിനും വ്യാജനോട്ട് കണ്ടെത്തുന്നതിനുമാണ് നോട്ടെണ്ണല്‍ തുടരുന്നതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ടുകളുടെ കൃത്യത ഉറപ്പുവരുത്തിയാല്‍ മാത്രമേ തിരികെയെത്തിയ നോട്ടുകളുടെ മൂല്യം എത്രയാണെന്നതിന് വ്യക്തമായ മറുപടി നല്‍കുവെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.