തീയേറ്ററുകൾക്ക് പൂട്ട് വീണിട്ട് ഇന്ന് 150 ദിവസം; പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി ഉടന്‍ വേണമെന്ന് തീയേറ്ററുടമ ഗിരീഷ് ചന്ദ്രൻ

By ONLINE DESK.07 08 2020

imran-azhar

 


ആരവമില്ല, കയ്യടികളോ കൂക്കിവിളികളോ ഇല്ല, ഇതെല്ലം നിലച്ചിട്ട് നാളുകളേറെയായി. ലോക്ക് ഡൗണിനെ തുടർന്ന് സിനിമാശാലകളിലെ തിരശീല താഴ്ത്തിയിട്ട് ഇന്ന്150 ദിവസങ്ങൾ പിന്നിടുകയാണ്. ചരിത്രത്തിലാദ്യമായാണ് തീയേറ്ററുകൾ ഇത്രയും ദിവസം അടഞ്ഞു കിടക്കുന്നത്. ലോക്കഡൗൺ പ്രഖ്യാപനത്തിനു മുൻപുതന്നെ പല തീയേറ്ററുകൾക്കും പൂട്ടുവീണിരുന്നു. നിയന്ത്രണങ്ങളോടെ മറ്റുമേഖലകൾ പതിയെ ചലിച്ചു തുടങ്ങിയിട്ടും സിനിമ വ്യവസായം ഇപ്പോഴും നിര്ജീവമാണ്.

 

 

6 മാസമായി സംസ്ഥാനത്തെ തീയേറ്ററുകൾ ഭൂരിഭാഗവും ഏറെ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. ദിവസേനയുള്ള മെയിന്റനൻസ്, തൊഴിലാളികൾക്കുള്ള വേതനം, ജിഎസ്ടി, വിനോദ നികുതി, എന്നിവയ്‌ക്കെല്ലാമായി വൻ തുകയാണ് മാസം തോറും തീയേറ്റർ ഉടമകൾക്ക് ചിലവഴിക്കുന്നത്. വരുമാനം തീരെയില്ലാത്ത ഈ സാഹചര്യത്തിൽ ലോൺ ഉൾപ്പെടെ എടുത്ത് തീയേറ്ററുകൾ ആരംഭിച്ചവർക്കും തീയേറ്ററുകൾ പുതുക്കിപ്പണിഞ്ഞവർക്കും നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന തിയേറ്ററുകളുടെ ഉടമകൾക്കും വൻ സാമ്പത്തിക നഷ്ടമാണ് കോവിഡ് വ്യാപനം സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെല്ലാമുൾപ്പെടെ സർക്കാർ ഏർപ്പെടുത്തിയ വൈദ്യുതി ഫിക്സഡ് ചാർജ് തീയേറ്ററുകൾക്ക് വൻ ബാധ്യത സൃഷ്ടിച്ചു. സർക്കാർ ഏർപ്പെടുത്തിയ ഈ ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്ന ആവശ്യമാണ് തീയേറ്റർ ഉടമകൾ മുന്പോട്ടുവയ്ക്കുന്നത്. ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമുൾപ്പെടെ അപേക്ഷകൾ നൽകിയെങ്കിലും തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം ശ്രീപദ്മനാഭ തീയേറ്റർ ഉടമ ഗിരീഷ് ചന്ദ്രൻ കലാകൗമുദിയോട് പറഞ്ഞു.


30 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച്‌ സിനിമ പ്രദർശനം ആരംഭിക്കാനാണ് തീരുമാനമെങ്കിലും അതും വലിയ വെല്ലുവിളിയാണുയർത്തുന്നത്. ഓരോ പ്രദർശനത്തിന് ശേഷവും തീയേറ്ററിനകം അണുവിമുക്തമാക്കണം. സാമൂഹിക അകലം പാലിച്ചു ക്രമീകരണമൊരുക്കണം. ഇതൊന്നും തിയേറ്ററുകളെ സ്സംബന്ധിച്ച് ലളിതമായ കാര്യമല്ല. അടഞ്ഞുകിടക്കുന്ന ഈ സാഹചര്യത്തിലും നിശ്ചിത ഇടവേളകളിൽ പ്രദർശനം നടത്തി പ്രൊജക്ടർ സംവിധാനം കാര്യക്ഷമമാക്കുക , എസി ,ജനറേറ്റർ,ലൈറ്റുകൾ, ശബ്ദ സംവിധാനങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുക , ഇരിപ്പിടങ്ങൾ വൃത്തിയാക്കുക തുടങ്ങി പ്രവർത്തനങ്ങളെല്ലാം ദൈനംദിനം കൃത്യമായി ചെയ്യേണ്ടതുണ്ട്. 6 മാസങ്ങളായി അടഞ്ഞുകിടക്കുന്ന തീയേറ്ററുകൾ തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും സർക്കാർ തലത്തിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് തീയേറ്റർ ഉടമയും ഫിലിം ഡിസ്ട്രിബ്യുട്ടറുമായ വിശാഖ് സുബ്രഹ്മണ്യം പറയുന്നു.

 

വിഷുവിനും ഓണത്തിനുമുൾപ്പെടെ ഇറങ്ങേണ്ടിയിരുന്ന റിലീസുകൾ കോവിഡ് വ്യാപനത്താൽ മുടങ്ങി. ഓഗസ്റ്, സെപ്തംബർ മാസങ്ങളും തീയേറ്ററുകൾ തുറക്കുന്നത് എത്രത്തോളം പ്രയോഗികമാണെന്നിരിക്കെ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി കൂടുതൽ തീയേറ്റർ ഉടമകൾക്ക് വൻ ബാധ്യത ഉണ്ടാക്കുമെന്നതിൽ സംശയമില്ല. വരുംനാളുകളിൽ തീയേറ്ററുകൾക്ക് സർക്കാർ പിന്തുണ നൽകുമെന്ന പ്രതീക്ഷയിലാണ് തിയേറ്ററുടമകൾ.

 

 

 

OTHER SECTIONS