അത്യുഷ്ണം: തെലുങ്കാനയില്‍ പൊലിഞ്ഞത് 167 ജീവനുകള്‍

By Shyma Mohan.19 May, 2017

imran-azhar


    ഹൈദരാബാദ്: സൂര്യതാപമേറ്റ് തെലുങ്കാനയില്‍ പൊലിഞ്ഞത് 167 ജീവനുകള്‍. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ കനത്ത ചൂടുകാറ്റ് സംസ്ഥാനത്ത് ആഞ്ഞടിക്കുന്നതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് സൂര്യതാപമേറ്റതെന്ന് സംസ്ഥാന ദുരന്ത നിവാരണ ഏജന്‍സി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇത്രയധികം മരണം സംഭവിച്ചത് അത്യുഷ്ണം മൂലമാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തഹസീല്‍ദാര്‍, സബ് ഇന്‍സ്‌പെക്ടര്‍, സിവില്‍ സര്‍ജന്‍ എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സര്‍ക്കാര്‍ സമിതിയെ ഓരോ മണ്ഡലത്തിലും മരണം സംഭവിച്ചിരിക്കുന്നത് അത്യുഷ്ണം മൂലമാണെന്ന് ഉറപ്പാക്കാന്‍ രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി സ്ഥിരീകരിച്ചാല്‍ മാത്രമേ അത്യുഷ്ണം മൂലമുള്ള മരണത്തിനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ ഭാഗത്തു നിന്ന് ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഇതുവരെയുണ്ടായ എല്ലാ മരണങ്ങളും കമ്മിറ്റി പരിശോധിച്ചുവരികയാണ്. തെലുങ്കാനയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലായി ഉയര്‍ന്നിട്ടുണ്ട്. ഭദ്രാചലം, രാമഗുണ്ഡം, നല്‍ഗോണ്ട സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളായി തുടരുകയാണ്. 46 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടങ്ങളിലെ താപനില.


OTHER SECTIONS