വെള്ളക്കാരിയായ കാമുകിയെ അംഗീകരിക്കാത്ത അച്ഛനെ കൊല്ലാന്‍ ബോംബ് വാങ്ങിയ 19കാരന് 8 വര്‍ഷം തടവ്

By Shyma Mohan.13 Jan, 2018

imran-azhar


    ലണ്ടന്‍: വെള്ളക്കാരിയായ കാമുകിയെ അംഗീകരിക്കാത്ത യാഥാസ്ഥിതികനായ അച്ഛനെ വകവരുത്തുന്നതിനു വേണ്ടി ഓണ്‍ലൈനിലൂടെ കാര്‍ ബോംബ് വാങ്ങാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനായ കൗമാരക്കാരന് 8 വര്‍ഷത്തെ ജയില്‍ ശിക്ഷ. സിക്കുകാരനായ അച്ഛനെ കൊല്ലുന്നതിനായി ബോംബ് വാങ്ങാന്‍ ശ്രമിച്ച 19കാരനായ ഗുര്‍തേജ് സിംഗ് റാന്ദവയെയാണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അറസ്റ്റ് ചെയ്തത്.
    ബ്രിട്ടന്റെ നാഷണല്‍ ക്രൈം ഏജന്‍സി(എന്‍.സി.എ) ഉദ്യോഗസ്ഥര്‍ ഗുര്‍തേജ് ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ശ്രമിച്ച കാര്‍ ബോംബിനു പകരം അപകടമുണ്ടാക്കാത്ത ഡമ്മി ഉപകരണം മാറ്റം ചെയ്ത ശേഷമാണ് ഗുര്‍തേജിന് എത്തിച്ചുകൊടുത്തത്. സ്‌ഫോടക വസ്തുക്കള്‍ ദുരുദ്ദേശത്തോടെ കൈവശം വെച്ചതിനും ഗുരുതരമായ അപകടം ഉണ്ടാക്കാനും ശ്രമം നടത്തിയതിന്റെ പേരിലാണ് ബര്‍മ്മിംഗ്ഹാമിലെ ക്രൗണ്‍ കോര്‍ട്ട് കഴിഞ്ഞ വര്‍ഷം നവംബറിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഗുര്‍തേജിന് എട്ടുവര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
    ഓണ്‍ലൈന്‍ കറന്‍സി വഴിയാണ് ഗുര്‍തേജ് ബോംബ് വാങ്ങിയത്. അതിന്റെ ഡെലിവറിക്കായി വീടിന് അല്‍പം അകലെയുള്ള വിലാസമാണ് നല്‍കിയിരുന്നത്. വെള്ളക്കാരിയായ കാമുകിയെപ്പറ്റി തന്റെ അമ്മയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഗുര്‍തേജ് കാര്‍ ബോംബ് വാങ്ങി അച്ഛനെ വകവരുത്താന്‍ ശ്രമം നടത്തിയത്. എന്‍.സി.എ ഉദ്യോഗസ്ഥര്‍ ഗുര്‍തേജിനുള്ള പാക്കേജ് മാറ്റി അയാള്‍ നല്‍കിയ വിലാസം അനുസരിച്ച് ഓള്‍വര്‍ഹാംപ്ടണില്‍ ഡെലിവര്‍ ചെയ്യുന്നതിന് അവസരം ഒരുക്കി. കൂടാതെ ഗുര്‍തേജ് അത് പരീക്ഷിക്കുന്നത് എങ്ങനെ എന്ന് നിരീക്ഷിച്ച ശേഷമാണ് ഗുര്‍തജേിനെ അറസ്റ്റ് ചെയ്തത്.


OTHER SECTIONS