സഹോദരിക്ക് ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍ വേഷം കെട്ടിയ 19കാരന്‍ പിടിയില്‍

By Shyma Mohan.16 Apr, 2018

imran-azhar


    ന്യൂഡല്‍ഹി: സഹോദരിക്ക് ചികിത്സ ലഭ്യമാക്കാന്‍ 19കാരന്‍ ഡോക്ടര്‍ വേഷം കെട്ടി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിച്ചു. ബീഹാറിലെ സീതാമര്‍ഹി ജില്ലയില്‍ നിന്നുള്ള അദ്‌നാന്‍ ഖുറാമാണ് ബ്ലഡ് കാന്‍സറിന് എയിംസില്‍ ചികിത്സ തേടിവരുന്ന സഹോദരിക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ഡോക്ടര്‍ വേഷം കെട്ടി പിടിയിലായത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഖുറാമിനെ പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഖുറാമിന് ക്രിമിനല്‍ റെക്കോര്‍ഡില്ലെന്ന് പോലീസ് പറഞ്ഞു. സഹോദരിയെ ചികിത്സിക്കുന്ന ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് കിട്ടുന്നതിലെ കാലതാമസം മാറിക്കിട്ടാനാണ് ഡോക്ടര്‍ ചമഞ്ഞതെന്ന് ഖുറാം പോലീസിനോട് പറഞ്ഞു. സെക്യൂരിറ്റിക്കാര്‍ സംശയിക്കാതിരിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ കൈവശമുള്ളതുപോലെ എയിംസിന്റെ കവര്‍ ചിത്രമുള്ള 15 പേജ് നോട്ടുബുക്കുമായാണ് ഖുറാം ആശുപത്രിയില്‍ പ്രവേശിച്ചിരുന്നത്. നോട്ടുബുക്കില്‍ സ്വന്തം പേരും കുറിച്ചിരുന്നു. സഹോദരിയുടെ ഡോക്ടറുമായി സോഷ്യല്‍ മീഡിയ വഴി ഖുറാം സൗഹൃദം സ്ഥാപിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. എന്നാല്‍ ശനിയാഴ്ച റസിഡന്റ് ഡോക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ഇന്റേണല്‍ മാരത്തോണില്‍ പങ്കെടുക്കാനെത്തിയതാണ് ഖുറാമിന് വിനയായത്. സംശയം തോന്നിയ മറ്റ് ഡോക്ടര്‍മാര്‍ ഖുറാമിനെ പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.  OTHER SECTIONS