By സൂരജ് സുരേന്ദ്രൻ .14 01 2021
സിനിമ പ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. കോവിഡ് വ്യാപനത്തിന് പിന്നാലെ നിശ്ചലമായ സിനിമ മേഖല വീണ്ടും സജീവമാകുന്നു. തീയറ്ററുകൾ തുറന്ന ശേഷം ആദ്യം റിലീസ് ചെയ്ത തമിഴ് ചിത്രം മാസ്റ്ററിന് പിന്നാലെ സംസ്ഥാനത്ത് റിലീസിനൊരുങ്ങി പത്തൊൻപത് ചിത്രങ്ങൾ കൂടി.
ജനുവരിയിൽ മൂന്ന് ചിത്രങ്ങൾ റിലീസ് ചെയ്യും. ഫെബ്രുവരിയിൽ പന്ത്രണ്ടും മാർച്ചിൽ നാല് ചിത്രങ്ങളും തീയറ്ററുകളിൽ എത്തും. ചിത്രങ്ങളുടെ പട്ടിക നിർമാതാക്കൾ പുറത്തിറക്കി.
ആദ്യം തീയറ്ററുകളിലെത്തുക മലയാളചിത്രം ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്ന ‘വെള്ളം’ ആണ്. ജനുവരി 22നാണ് ചിത്രം റിലീസിനെത്തുന്നത്. മുൻഗണന ക്രമത്തിലാണ് ബാക്കിയുള്ള ചിത്രങ്ങൾ റിലീസ് ചെയ്യുക. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26ന് റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
2020 മാർച്ച് 26നാണ് ചിത്രം റിലീസ് ചെയ്യാൻ നേരത്തെ നിശ്ചയിച്ചിരുന്നത്. ഒമ്പത് മാസങ്ങളോളം അടഞ്ഞു കിടന്ന ശേഷം സംസ്ഥാനത്ത് തീയറ്ററുകൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. വിജയ്യുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററാണ് ആദ്യം തീയറ്ററുകളിൽ എത്തിയത്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് മാനദണ്ഡമനുസരിച്ച് തീയറ്ററുകളിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. തകർന്ന് കിടക്കുന്ന സിനിമ മേഖലയെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസിലൂടെ തിരിച്ചുകൊണ്ടുവരാനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.