2 വയസുകാരനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

By Shyma Mohan.21 Apr, 2017

imran-azhar


    മോത്തിഹാരി: ബീഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ 2 വയസുകാരനായ ദളിത് ബാലനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 35കാരിയായ യുവതിയാണ് രണ്ടു വയസുകാരനെതിരെ ലൈംഗികാതിക്രമത്തിനും മാല മോഷണത്തിനും കേസ് നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരുമാസമായി പോലീസില്‍ നിന്ന് കീഴടങ്ങല്‍ ഭീഷണി നേരിടുകയാണ് ബേലാ ബെയ്ജു ഗ്രാമത്തിലുള്ള ബാലനിപ്പോള്‍. പറ്റാഹി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മകനെ ഭീഷണിപ്പെടുത്തുന്നതുമൂലം ഉറക്കമില്ലാത്ത രാത്രികളാണ് കുട്ടി നേരിടുന്നതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വധശ്രമത്തിന് യുവതിയുടെ ഭര്‍ത്താവിനെതിരെ പരാതി കൊടുത്തത് പിന്‍വലിക്കാനാണ് യുവതി മനഃപൂര്‍വ്വം കുഞ്ഞിനെതിരെ കേസ് കൊടുത്തതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ഗ്രാമത്തലവനായ സുനില്‍ കുമാറും കൂട്ടുപ്രതിയായ കേസില്‍ അയാള്‍ പറഞ്ഞതനുസരിച്ചാണ് യുവതി കേസ് ഫയല്‍ ചെയ്തതെന്നും വധശ്രമത്തിന് താന്‍ കൊടുത്ത വധശ്രമത്തിനുള്ള കേസ് പിന്‍വലിക്കാന്‍ മോത്തിഹാരി കോടതിക്കുള്ളില്‍ വെച്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു.