29 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവം; സിബിഎസ്ഇ മേഖലാ ഡയറക്ടര്‍ ഹാജരാകണമെന്ന് ഹൈക്കോടതി

By online desk.27 02 2020

imran-azhar

 

 

 

കൊച്ചി: തോപ്പുംപടി മൂലംകുഴി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിലെ 29 വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ സിബിഎസ്ഇ മേഖലാ ഡയറക്ടര്‍ രേഖകളുമായി ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂള്‍ മാനേജ്മെന്റ് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഇനി പരീക്ഷ എഴുതാന്‍ സാധിക്കുമോയെന്നും ഹൈക്കോടതി ആരാഞ്ഞു.കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബി എസ് ഇയുടെ ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ അറിയുന്നുണ്ടോ. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ സിബിഎസ്ഇ ഡയറക്ടറെയും ചെയര്‍മാനെയും വിളിച്ചു വരുത്തേണ്ടിവരുമെന്നും ഹൈക്കോടതി പറഞ്ഞു.

 


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറെയും പൊലിസിനെയും കേസില്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്നാണ് സൂചന. സിബിഎസ്ഇ അഫിലിയേഷന്‍ ഇല്ലാതിരിക്കെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചെന്ന് കാണിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ ഡിക്രൂസ്(59),സ്‌കൂള്‍ മാനേജര്‍ മാഗി അരൂജ(55) എന്നിവരെ തോപ്പുംപടി പൊലിസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. പരീക്ഷാ തീയതി അടുത്തിട്ടും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യാത്തതിനെത്തുടര്‍ന്നാണ് സ്‌കൂളിന് അംഗീകാരം ഇല്ലെന്ന കാര്യം രക്ഷിതാക്കള്‍ അറിയുന്നത്.

 

 

 

 

 

 

OTHER SECTIONS