ആലപ്പുഴയില്‍ 7-ാം ക്ലാസുകാരന്റെ ആത്മഹത്യ; 3 അധ്യാപകർക്ക് സസ്പെൻഷൻ, വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ

ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ അധ്യാപകർക്കെതിരെ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു.പൊലീസ് നേരത്തെ 13 വയസുകാരന്‍റെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു

author-image
Greeshma Rakesh
New Update
ആലപ്പുഴയില്‍ 7-ാം ക്ലാസുകാരന്റെ ആത്മഹത്യ; 3 അധ്യാപകർക്ക് സസ്പെൻഷൻ, വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ

ആലപ്പുഴ: ആലപ്പുഴയില്‍ 7-ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകരെ സസ്പെൻ്റ് ചെയ്തു. വെള്ളിയാഴ്ച ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) അധ്യാപകരുടെ മൊഴിയെടുക്കും.സംഭവത്തിൽ വിശദമായ അന്വേഷണത്തിന് എസ് പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു.ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ അധ്യാപകർക്കെതിരെ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു.പൊലീസ് നേരത്തെ 13 വയസുകാരന്‍റെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു.

 

 

കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി എ എം പ്രജിത്തിനെയാണ് കഴിഞ്ഞ 15 ന് വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മനോജ്‌-മീര ദമ്പതികളുടെ മകനാണ് പ്രജിത്ത്. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ മനോവിഷമത്തിലാണ് പ്രജിത്ത് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.എന്നാൽ ഈ ആരോപണങ്ങൾ കാട്ടൂർ വിസിറ്റേഷൻ സ്കൂൾ അധികൃതർ നിഷേദിച്ചു.

 

 

കഴിഞ്ഞ വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസില്‍ കണ്ടില്ല. ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടര്‍ന്ന് സ്കൂള്‍ മൈക്കില്‍ അനൗണ്‍സ്മെന്‍റ് നടത്തി. ഉടന്‍ കുട്ടികള്‍ തിരിച്ചെത്തുകയും ചെയ്തു. വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പറഞ്ഞെങ്കിലും അധ്യാപകര്‍ അത് വിശ്വസിച്ചില്ല.

തുടർന്ന് കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പിടി അധ്യാപകനായ ക്രിസ്തു ദാസ് കുട്ടികളെ ശാസിക്കുകയും ചൂരൽ കൊണ്ട് പല തവണ തല്ലുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രേഷ്മ, ഡോളി എന്നീ അധ്യാപകര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ശാസിക്കുകയും അപമാനിക്കുകയും ചെയ്തതായും ബന്ധുക്കൾ പറയുന്നു.

 

സംഭവത്തിന് പിന്നാലെ കടുത്ത മനോവിഷമത്തിലാണ് പ്രജിത്ത് വീട്ടിലേക്ക് തിരികെ മടങ്ങിയതെന്ന് സഹപാഠികൾ പറയുന്നു. മൂത്ത സഹോദരൻ പ്രണവ് സ്കൂളിൽ നിന്ന് വന്നപ്പോൾ പ്രജിത്ത് സ്കൂൾ യൂണിഫോമിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രജിത്തിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

alappuzha suicide student death Student Suicide