ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍, സൈന്യം മൂന്ന് ഭീകരരെ വധിച്ചു

By Anju N P.22 Jul, 2018

imran-azhar

 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മുന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ
പോലീസുകാരനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട പോലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

 


ഇന്റലിജന്‍സ് നല്‍കിയ വിവരത്തെതുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫ്, കരസേന, പോലീസ് എന്നിവര്‍ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

 


നാലുതീവ്രവാദികള്‍ കൂടി ഇവിടെയുണ്ടെന്നാണ് സുരക്ഷാസേന സംശയിക്കുന്നത്. അതിനിടെ സുരക്ഷാസേനയ്ക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസുകാരനെ വധിച്ച ഭീകരര്‍ തന്നെയാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതെന്നാണ് വിവരങ്ങള്‍.

 


രണ്ടുദിവസം മുമ്പാണ് സലീം അഹമ്മദ് ഷാ എന്ന പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ശനിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

OTHER SECTIONS