ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ ജനസംഖ്യയില്‍ 38 ശതമാനം വര്‍ദ്ധന

By Sooraj Surendran .19 06 2019

imran-azhar

 

 

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ ജനസംഖ്യയില്‍ 38 ശതമാനം വര്‍ദ്ധന. സൗത്ത് ഏഷ്യന്‍ അഡ്വോക്കസി ഗ്രൂപ്പിന്റെ 2010 മുതല്‍ 2017 വരെയുള്ള ഡെമോഗ്രാഫിക് റിപ്പോര്‍ട്ടിലാണ് അമേരിക്കയില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ 38 ശതമാനം വര്‍ധനവുണ്ടായതായി സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വംശജരുടെ ജനസംഖ്യ 2010ല്‍ 31,83,063 ലക്ഷം ആയിരുന്നത് 2017 ആയപ്പോള്‍ 44,02,363 ലക്ഷമായി വര്‍ധിച്ചു. 2010നും 17നുമിടയില്‍ നിയമവിധേയമല്ലാതെ അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 72 ശതമാനം വര്‍ധനയുണ്ടായതായി സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിംഗ് ടുഗെതറി (എസ്എഎഎല്‍ടി)ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ തുടരുന്നവരും ഇതില്‍പ്പെടുന്നു. ദക്ഷിണ ഏഷ്യന്‍ വംശജരായ അമേരിക്കക്കാരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായി. 2010ല്‍ 3.5 ദശലക്ഷം ജനസംഖ്യ ഉണ്ടായിരുന്നത് 2017 ആയപ്പോള്‍ 5.4 ദശലക്ഷമായി വര്‍ധിച്ചതായും എസ്എഎഎല്‍ടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്ക് പുറമെ നേപ്പാള്‍ 206.6 ശതമാനം, ഭൂട്ടാന്‍ 38 ശതമാനം, പാക്കിസ്ഥാന്‍ 33 ശതമാനം, ബംഗ്ലാദേശ് 26 ശതമാനം ശ്രീലങ്ക 15 ശതമാനം എന്നിങ്ങനെയാണ് ജനസംഖ്യയിലുണ്ടായ വര്‍ദ്ധന. നിലവില്‍ നിയമവിധേയമല്ലാതെ അമേരിക്കയില്‍ കഴിയുന്ന 4300ഓളം പേര്‍ പുറത്താകല്‍ നടപടിയില്‍ നിന്ന് ഒഴിവാകുന്നതിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

OTHER SECTIONS