യുപിയില്‍ 37 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം; ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന് പ്രൊമോഷന്‍

By Shyma Mohan.17 Mar, 2018

imran-azhar


    ലക്‌നൗ: രണ്ട് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ 37 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച നിലപാട് സ്വീകരിച്ച ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗട്ടേലക്ക് ദേവിപടാന്‍ ഡിവിഷണല്‍ കമ്മീഷണറായി പ്രൊമോഷനോടെയാണ് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. 16 ജില്ലാ മജിസ്‌ട്രേറ്റുമാരുള്‍പ്പെടെ 37 പേരെയാണ് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയത്. രാജ്യത്ത് വര്‍ഗ്ഗീയ സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രസ്താവന നടത്തിയ ബറേലി ജില്ലാ മജിസ്‌ട്രേറ്റ് രാഘവേന്ദ്ര സിംഗിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂര്‍ ദശാബ്ദങ്ങള്‍ക്കു ശേഷമാണ് ബിജെപിയില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി പിടിച്ചെടുത്തത്.