ഐ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍: സുഷമ സ്വരാജ്

By Shyma Mohan.16 Jul, 2017

imran-azhar


    ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇറാഖില്‍ വെച്ച് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ വടക്കുപടിഞ്ഞാറന്‍ മൊസൂളിലെ ബാദുഷ് ജയിലില്‍ എന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ജൂലൈ 24ന് ഇന്ത്യയിലെത്തുന്ന ഇറാഖ് വിദേശകാര്യ മന്ത്രി ഇതിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഡല്‍ഹിയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യ മന്ത്രി വിവരങ്ങള്‍ പുറത്തുവിട്ടത്.
    ഇറാഖ് സന്ദര്‍ശിച്ച വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാക്കിയ വിവരങ്ങളാണ് സുഷമ സ്വരാജ് തട്ടിക്കൊണ്ടുപോയവരുടെ കുടുംബാംഗങ്ങളുമായി പങ്കുവെച്ചത്. തട്ടിക്കൊണ്ടുപോയവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണ്. തട്ടിക്കൊണ്ടുപോയവരെ ഒരു ആശുപത്രിയുടെ നിര്‍മ്മാണത്തിനായി ഐഎസ് തീവ്രവാദികള്‍ ആദ്യം ഉപയോഗിച്ചിരുന്നതായും പിന്നീട് ഒരു ഫാമിലേക്ക് മാറ്റുകയും അതിനുശേഷം ബാദുഷ് ജയിലില്‍ എത്തിക്കുകയുമായിരുന്നുവെന്നാണ് സുഷമ സ്വരാജ് കുടുംബാംഗങ്ങളുമായി പറഞ്ഞത്.
    ഐ.എസില്‍ നിന്നും ഇറാഖി സേന മൊസൂള്‍ തിരിച്ചുപിടിച്ചപ്പോള്‍ അന്നുതന്നെ വി.കെ സിംഗിനോട് ഇറാഖിലേക്ക് പോകാനും ഇന്ത്യക്കാരെ രക്ഷിച്ചുകൊണ്ടുവരാനും സിംഗിനോട് നിര്‍ദ്ദേശിച്ചിരുന്നതായും സുഷമ സ്വരാജ് പറഞ്ഞു. എന്നാല്‍ ബാദുഷ് ഗ്രാമം ഇപ്പോഴും ഐ.എസിന്റെ നിയന്ത്രണത്തിലായതുകൊണ്ട് പോരാട്ടം അവസാനിച്ചാല്‍ മാത്രമേ ബന്ദികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ എന്നും അവര്‍ പറഞ്ഞു.
    വിദേശകാര്യ സഹമന്ത്രി വി.കെ സിംഗും എം.ജെ അക്ബറും മറ്റ് മുതിര്‍ന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തു.

OTHER SECTIONS