മൂന്നാം ദിനവും 'ലോക്ക്' കടുപ്പിച്ച് പൊലീസ് 109 പേരെ അറസ്റ്റ് ചെയ്ത് വാഹനങ്ങള്‍ പിടിച്ചെടുത്തു

By online desk .27 03 2020

imran-azhar

 

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ മൂന്നാം ദിനവും തലസ്ഥാനത്ത് ജനം വാഹനങ്ങളുമായി റോഡിലിറങ്ങി. ചിലരെ പിന്തിരിപ്പിച്ച് വീട്ടിലേക്ക് മടക്കി
അയക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനും വഴിയൊരുക്കി. ഇന്നലെ പുലര്‍ച്ചെ മുതല്‍ എല്ലാ റോഡുകളിലും പൊലീസിന്റെ പ്രത്യേക സംഘം
പരിശോധനയ്ക്കുണ്ടായിരുന്നു. കാല്‍നട യാത്രപോലും നിരോധിച്ചിട്ടും ചിലര്‍ വാഹനവുമായി പുറത്തിറങ്ങിയത് പൊലീസിന് തലവേദന സൃഷ്ടിച്ചു.

 

 

സര്‍ക്കാരിന്റെയും പൊലീസിന്റെയും വിലക്കുകള്‍ ലംഘിച്ച് അനാവശ്യയാത്രകള്‍ നടത്തിയ 109 പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്ത് വാഹനങ്ങള്‍ പിടിച്ചെടുത്തത്. തമ്പാനൂര്‍, ഫോര്‍ട്ട്, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. 75 ഇരുചക്ര വാഹനങ്ങളും 15 ഓട്ടോറിക്ഷകളും 2 കാറുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. ഇവ 21 ദിവസം കഴിഞ്ഞാണ് വിട്ടയക്കുകയുള്ളൂവെന്നു സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. മാത്രമല്ല കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനും പൊലീസ് നടപടി തുടങ്ങി. മൊത്ത, ചില്ലറ വ്യാപാരികളുടെ ഗോഡൗണുകളില്‍ സിറ്റി പൊലീസ് പരിശോധന നടത്തി. അവിടെ സൂക്ഷിച്ചിരുന്ന അവശ്യ സാധനങ്ങള്‍ പിടിച്ചെടുത്തു. വിലക്കയറ്റം ഒരുകാരണവശാലും അനുവദിക്കില്ലെന്ന് കമ്മിഷണര്‍ അറിയിച്ചു.

 

 

അനാവശ്യ സഞ്ചാരം ഒഴിവാക്കാനായി തിരുവനന്തപുരം സിറ്റിയില്‍ അതിര്‍ത്തി അടച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്. ആഹാര സാധനങ്ങളും, മരുന്നുവാങ്ങാനും, ആശുപത്രി സേവനങ്ങള്‍ക്കും മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. ഇപ്പോഴുള്ള ചെക്കിംഗ് പോയിന്റുകള്‍ക്കു പുറമേ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന വ്യാപിപ്പിക്കും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഗതാഗത നിയന്ത്രണ ജോലി ഇല്ലാത്തതിനാല്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരേയും വിലക്കു ലംഘിച്ചു യാത്ര ചെയ്യുന്നവരെ പിടികൂടുന്നതിനായി വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍
പൊലീസ് അനാവശ്യ ഭയം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവരെപ്പോലും വിരട്ടിയോടിക്കുകയും
മത്സ്യമാര്‍ക്കറ്റുകളില്‍ വ്യാപാരികളെ ഇറക്കിവിടുന്നതായാണ് പരാതി.

 

 

ഹോം- ക്വാറന്റൈനില്‍ കഴിയുന്നവരെ ദിവസവും ബന്ധപ്പെട്ട് അവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാനുള്ള നടപടിയും പൊലീസ് സ്വീകരിക്കുന്നുണ്ട്.
കൂടാതെ ജനമൈത്രി കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍മാര്‍ (സിആര്‍ഒ) ദിവസേന പരമാവധി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ട് തങ്ങളുടെ അസോസിയേഷന്‍ പരിധിയില്‍ താമസിക്കുന്നവരെ അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് പൊലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ മൂന്നുദിവസത്തില്‍ 598 റസിഡന്‍സ് അസോസിയേഷനുകള്‍ക്കാണ് ബോധവത്കരണം നടത്തിയത്.

 

ഒറ്റയ്ക്ക് താമസിക്കുന്ന രോഗികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സഹായങ്ങള്‍ ചെയ്തുകൊടുക്കും 


ലോക്ക്ഡൗണ്‍ കാലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന രോഗികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സഹായങ്ങള്‍ ചെയ്തു കൊടുക്കന്നതിന് സിറ്റി പൊലീസ് പ്രത്യേക പരിഗണന നല്‍കും. അവരെ കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍മാര്‍ ഫോണില്‍ വിളിച്ചു ആവശ്യങ്ങള്‍ ആരായും. ഇത്തരത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി 1011 മുതിര്‍ന്ന പൗരന്‍മാരെ ബന്ധപ്പെട്ടിട്ടുണ്ട്. ഒറ്റയ്ക്ക് കഴിയുന്ന രോഗികള്‍ക്കോ മുതിര്‍ പൗരന്‍മാര്‍ക്കോ, 112-ല്‍ ബന്ധപ്പെട്ട് പൊലീസ് സഹായത്തിന് ആവശ്യപ്പെടാവുന്നതാണ്. ഉടനടി തന്നെ പൊലീസ് അവര്‍ക്ക് സഹായം എത്തിച്ചു കൊടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.

 

ശ്രദ്ധിക്കുക 

അവശ്യസാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന ചിലര്‍ വാഹനങ്ങളില്‍ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അവര്‍ക്കെതിരെ കേസെടുക്കും. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ സത്യവാങ്മൂലം കൈയില്‍ കരുതേണ്ടതാണ്. വീടിന് സമീപത്തുള്ള കടകളിലേയ്ക്ക്
മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ പോകാന്‍ പൊലീസ് അനുവദിക്കുകയുള്ളു. അതുപോലെ തന്നെ കടകള്‍ തുറക്കുന്ന സമയത്ത് തന്നെ ആളുകള്‍ തിരക്കു കൂട്ടി സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നത് രോഗവ്യാപനത്തിന് ഇടയാകും. കടകള്‍ രാവിലെ 7 മണി മുതല്‍ 5 മണി വരെ തുറന്നിരിക്കുന്നതിനാല്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈയെടുത്ത് ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന സമയത്തിനു ക്രമീകരണ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതാണ്. ബാങ്ക് ജീവനക്കാരും, മറ്റു അവശ്യ സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും, ജോലി സ്ഥലത്ത് ഡ്രൈവര്‍മാരുമായി വന്നശേഷം വാഹനം മടക്കി അയക്കുന്നത് നിര്‍ത്തലാക്കണം. ജോലി സമയം തീരുന്നത് വരെ ഡ്രൈവര്‍മാരും അതതു സ്ഥലങ്ങളില്‍ തുടരേണ്ടതാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.

OTHER SECTIONS