പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി; നാലു പേര്‍ ഒഡിഷയില്‍ അറസ്റ്റില്‍

By RK.14 09 2021

imran-azhar

 


ഭുവനേശ്വര്‍: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) കരാര്‍ ജീവനക്കാരെ ബലാസൂര്‍ സ്‌പെഷ്യല്‍ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ ഏജന്റെ എന്നു സംശയിക്കുന്നയാള്‍ക്ക് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാല് പേരാണ് ഒഡീഷയില്‍ അറസ്റ്റിലായത്.

 

ബസന്ത ബെഹെറ, എസ് കെ ഫുസാഫിര്‍, പ്രകാശ് ബെഹെറ എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍, മറ്റൊരു പ്രതിയുടെ പേര് പോലീസ് പുറത്തു വിട്ടിട്ടില്ല. നാല് പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് കിഴക്കന്‍ റേഞ്ചിലുള്ള ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹിമാന്‍ഷു കുമാര്‍ ലാല്‍ പറഞ്ഞു.

 

ഏറെ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് ഇവര്‍ കൈമാറിയതെന്നാണ് സൂചന. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചത്.

 

ഡിആര്‍ഡിഒയിലെ ചിലര്‍ വിദേശ വ്യക്തികളുമായി തെറ്റായ വിധത്തിലുള്ള ആശയവിനിമയം നടത്തുന്നുണ്ടെന്നും നിരവധി ഐ എസ് ഡി കോളുകളില്‍ കൂടി പാക് ഏജന്റുമാരെ ബന്ധപ്പെട്ടതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേര്‍ അറസ്റ്റിലായതെന്ന് ബലാസുര്‍ പോലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

 

പണത്തിനു വേണ്ടിയാണ് ഇവര്‍ ഇത്തരത്തില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഇവരില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.

 

ചണ്ഡിപുര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

 

 

 

 

OTHER SECTIONS