By sisira.22 01 2021
ഉത്തർപ്രദേശിൽ ആഭരണ വ്യാപാരിയെ കൊള്ളയടിച്ച 4 പൊലീസുകാർ അറസ്റ്റിലായി. ബസ്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ധർമ്മേന്ദ്ര യാദവിനെയും മൂന്ന് കോൺസ്റ്റബിൾമാരേയുമാണ് അറസ്റ്റുചെയ്തത്.
ഗൊരഖ്പൂർ ഹൈവേയിൽ വച്ച് പൊലീസുകാർ ആഭരണ വ്യാപാരിയെ കൊള്ളയടിക്കുകയായിരുന്നു. വ്യാപാരിയെപ്പറ്റി പൊലീസുകാർക്ക് വിവരം നൽകിയ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആഭരണ വ്യാപാരിയും സഹായിയും ഗൊരഖ്പൂരിൽ നിന്ന് ബസിൽ ലക്നൗവിലേക്ക് പോവുകയായിരുന്നു. യൂണിഫോമിലായിരുന്ന നാല് പൊലീസുകാർ ചേർന്ന് ബസ് നിർത്തിച്ച് വ്യാപാരിയോടും സഹായിയോടും ഇറങ്ങാൻ ആവശ്യപ്പെട്ടു.
ദേഹപരിശോധന നടത്താനെന്ന വ്യാജേനയാണ് ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇരുവരെയും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയ പൊലീസുകാർ കൊള്ളയടിക്കുകയായിരുന്നു.
19 ലക്ഷം രൂപയും 16 ലക്ഷം വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും ഒരു കാറും പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ കഴിഞ്ഞ മാസം സമാനമായ മറ്റൊരു തട്ടിപ്പും തങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തി. കസ്റ്റംസ് ഓഫീസറെന്ന വ്യാജേനയായിരുന്നു അന്നത്തെ മോഷണം. പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടു.