By parvathyanoop.23 06 2022
മഹാരാഷ്ട്രയിലെ മഹാരാഷ്ട്രീയനാടകത്തിന് ഇന്നോടെ അന്ത്യമായേക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ എന്നാണ് സൂചന. എന്നാല്‍ വിമത എംഎല്‍എമാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഏക്നാഥ് ഷിന്‍ഡെ. 42 എംഎല്‍എമാര്‍ കൂടെയുണ്ടെന്ന് ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കി. ഇത് കൂടാതെ ഏഴുപേര്‍ കൂടി ക്യാമ്പില്‍ എത്തിയിട്ടുണ്ട്. ഏക്നാഥ് ഷിന്‍ഡെ നാളെ ഗവര്‍ണറെ കണ്ടേക്കും. ഗുവാഹത്തി ഹോട്ടലില്‍ നിന്നുള്ള ചിത്രമാണ് പുറത്ത് വിട്ടത്. വിമത വിഭാഗം ശക്തിപ്പെടുത്തുകയാണ് ശിവസേന .അതിന് തെളിവാണ് തനിക്കൊപ്പമുള്ള എം എല്‍ എ മാരുടെ ചിത്രം ഏക്നാഥ് ഷിന്‍ഡെ പുറത്തുവിട്ടത്.
ഉദ്ധവ് താക്കറെയെക്കാള്‍ കൂടുതല്‍ കരുത്ത് ആര്‍ജിച്ചിരിക്കുന്നു. 14 എംഎല്‍എ മാരാണ് നിലവില്‍ താക്കറെ പക്ഷത്തുള്ളത്. ഇതുമനസിലാക്കിയാണ് അദ്ദേഹം ഉച്ചയ്ക്ക് വിളിച്ച യോഗം റദ്ദാക്കിയത്.അതേസമയം, മുഖ്യമന്ത്രിപദമെന്ന വാഗ്ദാനത്തിന് മുന്നില്‍ വീഴില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയാണ് വിമതവിഭാഗത്തിന് ചുക്കാന്‍ പിടിക്കുന്ന ഏകനാഥ് ഷിന്‍ഡെ. രാജിയല്ലാതെ ഉദ്ധവ് താക്കറെയ്ക്ക് മുന്നില്‍ വേറെ വഴികളില്ലെന്ന് ഷിന്‍ഡെ പക്ഷം പറയുന്നു. എട്ട് മന്ത്രിസ്ഥാനങ്ങള്‍, രണ്ട് സഹമന്ത്രിപദവികള്‍, രണ്ട് കേന്ദ്രമന്ത്രിപദവി എന്നിവയാണ് ഷിന്‍ഡേയ്ക്ക് മുന്നില്‍ ബിജെപി വച്ചിരിക്കുന്ന ഓഫറുകള്‍.
അതേസമയം, ശിവസേനയുടെ ചിഹ്നം അടക്കം നേടി പാര്‍ട്ടിയുടെ ഔദ്യോഗികപക്ഷമാകാന്‍ ഒരുങ്ങുകയാണ് വിമതര്‍. ശിവസേന എംഎല്‍എമാരില്‍ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണെന്നും, ചിഹ്നം തങ്ങള്‍ക്കനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമതര്‍ സമീപിക്കും. അതേസമയം, ബിജെപിയിലേക്ക് ലയിക്കണമെന്ന ആവശ്യം ഏകനാഥ് ഷിന്‍ഡെ അംഗീകരിച്ചില്ല. ശിവസേന പ്രവര്‍ത്തകനായി നിന്നുകൊണ്ട് തന്നെ ബിജെപിയുമായി സഖ്യം ചേര്‍ന്ന്, അധികാരത്തില്‍ എത്താനാണ് ഷിന്‍ഡെയുടെ നീക്കം.
അതേസമയം ഗുവാഹത്തിയിലെ ഹോട്ടലില്‍ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. അസമിലെ മന്ത്രി അശോക് സിംഘാല്‍ ഹോട്ടലിലെത്തി എംഎല്‍എമാരെ കാണുകയാണ്. അതേസമയം, ഈ സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ വലിയ പ്രതിഷേധമാണ് നടത്തിയത്. പ്രളയത്തില്‍ അസമടക്കമുള്ള സംസ്ഥാനങ്ങള്‍ ദുരിതത്തിലായ കാലത്തും കുതിരക്കച്ചവടം നടത്തുകയാണ് ബിജെപിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. കനത്ത സുരക്ഷയിലുള്ള ഹോട്ടലിന്റെ പരിസരത്ത് എത്തിയപ്പോള്‍ത്തന്നെ സ്ത്രീകളടക്കമുള്ള തൃണമൂല്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.