ഇടുക്കി അണക്കെട്ടിന്റെ അഞ്ചാം ഷട്ടറും തുറന്നു; അതീവ ജാഗ്രതാ നിര്‍ദേശം

By Anju N P.10 Aug, 2018

imran-azhar

 

ചെഥുതോണി: ഇടുക്കി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കൂടിയതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ഉച്ചയോടെ നാല് ഷട്ടറും തുറന്നിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ആയതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറന്നത്.

 

ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. ഉച്ചയോടെ ഇത് മൂന്നു ലക്ഷം ലിറ്ററാക്കിയാണ് ഉയര്‍ത്തിയത്. ഇതോടെ ചെറുതോണി ടൗണില്‍ വെള്ളം കയറി.

 

നിലവില്‍ 2401.60 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും സാധ്യതയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. കൂടാതെ അങ്കമാലി, കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടര്‍ന്നു.മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിട്ടത്. കുടുതല്‍ ജലം പുറത്തുവിട്ടതോടെ പെരിയാര്‍ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയിരിക്കുകയാണ്. നീണ്ട 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടില്‍നിന്നും പുറത്തുപോകുന്നതിനേക്കാള്‍ 10 ഇരട്ടി വെള്ളമാണ് ഡാമില്‍ എത്തുന്നത്.

 

OTHER SECTIONS