തലസ്ഥാനത്ത് 8.85 കോടിയുടെ കായല്‍ ടൂറിസം സര്‍ക്യൂട്ട്; ട്രാവന്‍കൂര്‍ ഹെറിറ്റേജ് സര്‍ക്യൂട്ട് കഠിനംകുളം-അഞ്ചുതെങ്ങ് ടൂറിസം ഇടനാഴി ഉടന്‍

By online desk .22 10 2020

imran-azhar

 

 

തിരുവനന്തപുരം: ജില്ലയുടെ കായല്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി 8.85 കോടി രൂപയുടെ കായല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ട്രാവന്‍കൂര്‍ ഹെറിറ്റേജ് സര്‍ക്യൂട്ട് കഠിനംകുളം-അഞ്ചുതെങ്ങ് ഇടനാഴി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പെരുമാതുറ ബീച്ച് വികസന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട്കടവ്, കായിക്കരകടവ്, പണയില്‍കടവ്, പുത്തന്‍കടവ് എന്നിവിടങ്ങളില്‍ ബോട്ട് ജെട്ടി നിര്‍മിക്കുമെന്നു മന്ത്രി പറഞ്ഞു. വേളിയില്‍ വെല്‍കം ആര്‍ച്ചും ഇതിന്റെ ഭാഗമായി ഒരുക്കും. വര്‍ക്കല ബീച്ച് സമഗ്ര വികസനത്തിന്റെ ഭാഗമായി ഒമ്പതു കോടി രൂപയുടെ ആദ്യഘട്ട നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

 

അടിസ്ഥാന സൗകര്യ വികസനത്തിനു പുറമേ പാലം, വാച്ച് ടവര്‍, കുളം, ഉറവയുടെ ഭാഗത്തെ നവീകരണം തുടങ്ങിവയാണു നടപ്പാക്കുന്നത്. ഇതിനു പുറമേ 2.66 കോടിയുടെ പദ്ധതികള്‍ വര്‍ക്കലയില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതുപൂര്‍ത്തിയാകുന്നതോടെ പെരുമാതുറ, വര്‍ക്കല പ്രദേശങ്ങളടങ്ങുന്ന ഗ്രാമങ്ങളിലേക്ക് ഒട്ടനവധി സഞ്ചാരികള്‍ എത്തും. ഈ മേഖലില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സാധ്യതകള്‍ കൂടി ഉപയോഗിക്കുന്നതോടെ ഈ നാട്ടിലുള്ളവര്‍ക്കും ടൂറിസത്തിലൂടെ വരുമാനം കണ്ടെത്താനാകും. വിനോദസഞ്ചാര മേഖലയെ തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീ ശാക്തീകരണത്തിനും ഉപയോഗപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ സര്‍ക്കാരിനു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

 

മൂന്നു കോടി രൂപയാണു പെരുമാതുറ ബീച്ച് വികസന പദ്ധതിക്കായി വിനിയോഗിക്കുന്നത്. റോഡ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ടിക്കറ്റ് കൗണ്ടര്‍, പവലിയന്‍, ഇരിപ്പിടങ്ങള്‍, ശുചിമുറി, നടപ്പാത, സ്‌നാക്‌സ് ബാര്‍, ചുറ്റുമതില്‍, സ്റ്റേജ്, ലൈഫ് ഗാര്‍ഡ് റൂം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ. മേയ് മാസത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ ആണ് നിര്‍മാണം നടക്കുന്നത്.

 

 

 

OTHER SECTIONS