ശ്രീലങ്കയിലെ സ്ഫോടനം: എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു

By anju.22 04 2019

imran-azhar

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

 

എച്ച്.ശിവകുമാര്‍, വെമുരൈ തുള്‍സിറാം, എസ്.ആര്‍. നാഗരാജ്, കെ.ജി. ഹനുമന്തരയപ്പ, എം.രംഗപ്പ, കെ.എം. ലക്ഷ്മി നാരായണന്‍, നാരായണ്‍ ചന്ദ്രശേഖര്‍, ലക്ഷ്മണ ഗൗഡ രമേഷ് എന്നിവരാണ് മരിച്ചത്. മലയാളിയായ കാസര്‍ഗോഡ് സ്വദേശി റസീന ഖാദര്‍ മരിച്ചെന്ന് കുടുംബാഗങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതരില്‍ നിന്നുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റസീന ഖാദറിന് ശ്രീലങ്കന്‍ പൗരത്വമുണ്ട്.

 

അതേസമയം കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ നാലുപേര്‍ ജനതാ ദള്‍ പ്രവര്‍ത്തകരാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. കര്‍ണാടകത്തില്‍ നിന്ന് പോയ ഏഴംഗ സംഘത്തിലുള്ളവരാണ് ഇവരെന്നും എച്ച്.ഡി.കുമാരസ്വാമി ട്വീറ്റ് ചെയ്തു.

 

ശ്രീലങ്കലെ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 290 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്കു പരിക്കേറ്റു.

 

സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രബാല്യത്തില്‍ വരും.

OTHER SECTIONS