ബികാനീര്‍ എക്സ്പ്രസ് അപകടം; മരണം ഒന്‍പതായി, 6 പേരുടെ നില അതീവഗുരുതരം

By Avani Chandra.14 01 2022

imran-azhar

 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടന്ന ബികാനീര്‍ എക്സ്പ്രസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും 36 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ഇതില്‍ ആറ് പേരുടെ നില അതീവഗുരുതരമാണ്. അപകടം നടന്ന പ്രദേശത്തും പരിസരങ്ങളിലുമായി കുടുങ്ങിക്കിടന്ന എല്ലാ യാത്രക്കാരെയും കണ്ടെത്തിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ ജയ്പാഗുരിയിലും മയ്നാഗുരിയിലുമുള്ള ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

 

ഇന്നലെ വൈകീട്ട് 5.15ഓടെ രാജസ്ഥാനിലെ ബികാനീറില്‍ നിന്നും അസമിലെ ഗുവാഹത്ത് വരെ പോകുന്ന ബികാനീര്‍ എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. എക്സ്പ്രസിന്റെ പാളം തെറ്റിയതോടെ അഞ്ച് ബോഗികള്‍ മറിഞ്ഞാണ് ദുരന്തമുണ്ടായത്. 12 ബോഗികളാണ് പാളം തെറ്റിയത്. ബിഎസ്എഫ്, എന്‍ഡിആര്‍എഫ് പ്രവര്‍ത്തകരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്തവാര്‍ത്തയറിഞ്ഞ് സമീപഗ്രാമങ്ങളിലുള്ള ആളുകളുമെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.

 

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. 1,200ല്‍പ്പരം യാത്രക്കാരാണ് എക്സ്പ്രസില്‍ ഉണ്ടായിരുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.

 

OTHER SECTIONS