സരസനായ മനുഷ്യന്‍ ; ജ്യേഷ്ഠ സഹോദരന്‍; കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സുരേഷ് ഗോപി

By parvathyanoop.02 10 2022

imran-azhar

 

 

തിരുവനന്തപുരം : സിപിഎം മുതിര്‍ന്ന നേതാവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് നടന്‍ സുരേഷ് ഗോപി. ചെന്നൈയില്‍ പോയി അദ്ദേഹത്തെ കാണാനുള്ള ശ്രമം നടത്തിയെങ്കിലും അതിനു സാധിച്ചില്ലെന്ന വേദന ബാക്കി നില്‍ക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സുരേഷ് ഗോപി പറയുന്നു.

 

കേരളത്തിലെ അടിത്തട്ട് പൊലീസ് സംവിധാനത്തില്‍ വളരെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

സുരേഷ് ഗോപിയുടെ വിഡിയോയില്‍നിന്ന്

 

പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം ഇനി നമ്മളോടൊപ്പം ഇല്ല. കേരളത്തിലെ പൊലീസ് സംവിധാനത്തില്‍ വളരെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ആഭ്യന്തര മന്ത്രി എന്ന നിലയ്ക്കും നിരവധിത്തവണ എംഎല്‍എ ആയി നിയമസഭയില്‍ എത്തിയ ജനപ്രതിനിധി എന്ന നിലയ്ക്കും ആ പാര്‍ട്ടിക്കു ഗുണകരമായി പ്രവര്‍ത്തിക്കുകയും ചെയ്ത പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും അദ്ദേഹം ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു.

 

ഏതാണ്ട് 25 വര്‍ഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചു പോകുന്ന, തീര്‍ത്തും വ്യക്തിപരമായ ബന്ധത്തില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, ഒരു സരസനായ മനുഷ്യനാണ് അദ്ദേഹം എന്നാണ്. ഒരു ജ്യേഷ്ഠ സഹോദരന്‍. എന്റെ സുഹൃത്തുക്കള്‍ കൂടിയായ അദ്ദേഹത്തിന്റെ മക്കള്‍, സഹധര്‍മിണി ഇവരുടെയെല്ലാം വേദനയില്‍ പങ്കുചേരുന്നു.

 

രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന മലയാളികളുടെ വേദനയിലും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കു മുന്‍പില്‍, വ്യക്തിത്വത്തിനു മുന്‍പില്‍ കണ്ണീരഞ്ജലി.10 ദിവസം മുന്‍പ് ചെന്നൈയില്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി കാണാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ, ബിനോയി തന്നെ പറഞ്ഞു, ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നില്ലെന്ന്.

 

അദ്ദേഹത്തെ ഒന്നു കാണണം എന്നുണ്ടായിരുന്നു. ആ ആത്മാര്‍ഥമായ ആഗ്രഹം നടന്നില്ല. അതും ഇപ്പോള്‍ ഒരു വേദനയായി നില്‍ക്കുന്നു. ഈ നിമിഷത്തില്‍ ആഘോഷത്തിലൊന്നും പങ്കുചേരാനുള്ള മാനസികാവസ്ഥയില്‍ അല്ല സുരേഷ് ഗോപി പറഞ്ഞു.

 

 

OTHER SECTIONS