ഹൃദയം തൊട്ട് വിതുമ്പുന്ന കാഴ്ച ; പിറന്ന മണ്ണിലേക്ക് ഒരു മടക്കയാത്ര

By parvathyanoop.02 10 2022

imran-azhar

 

 

കണ്ണൂര്‍:  കോടിയേരി ബാലകൃഷ്ണന്റെ വിലാപയാത്ര കടന്നുപോയത് ആരേയും വേദനിപ്പിക്കുന്ന കണ്ണീരണിയിക്കുന്ന കാഴ്ചയായിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും കേരള രാഷ്ട്രീയത്തിലെ ഒരു പാട് പ്രഗത്ഭരായ നേതാക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

 

സാധാരണ ജനങ്ങളും നേതാക്കളുമെല്ലാം ഹൃദയം തൊട്ട് വിതുമ്പുന്ന കാഴ്ചയാണ് മട്ടന്നൂര്‍ വിമാനത്താവളം മുതല്‍ കണ്ണൂര്‍ ടൗണ്‍ ഹാള്‍ വരെ കണ്ടത്.തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര കണ്ണൂരില്‍ നിന്ന് ആരംഭിച്ചത്. ഓരോ കേന്ദ്രങ്ങളിലും ജനം ഒഴുകിയെത്തി.

 

ചെങ്കൊടി പകുതി താഴ്ത്തി കെട്ടി, അതിന് മുകളിലായി വേദനയോടെ അവര്‍ കരിങ്കൊടി കെട്ടി, നിറഞ്ഞ കണ്ണുകളുമായാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും ശക്തികേന്ദ്രത്തിലെ ഓരോ കവലകളും കോടിയേരിയെ കാത്തുനിന്നത്. അവര്‍ പ്രിയ സഖാവിനെ ചങ്ക് പിളര്‍ക്കെ മുദ്രാവാക്യം വിളിച്ചാണ് ഏറ്റുവാങ്ങിയത്.

 

കോടിയേരിയുടെ ഭൗതിക ശരീരം വഹിച്ചുള്ള ആംബുലന്‍സ് മുന്നോട്ട് നീങ്ങുമ്പോള്‍, ജനക്കൂട്ടത്തിന്റെ വേദനയും ഏറുകയായിരുന്നു. സമൂഹത്തിന്റെ നാനാതലങ്ങളിലുമുള്ളവരും ഓടിയെത്തി. സ്ത്രീകളും കുട്ടികളുമെല്ലാം വഴിയോരങ്ങളില്‍ കാത്തു നിന്ന് അന്തിമോപചാരം അര്‍പ്പിച്ചു.

 


. കൂത്തുപറമ്പും തലശ്ശേരിയുമൊക്കെ ജനപ്രവാഹമായിരുന്നു. നിറഞ്ഞ കണ്ണുകളോടെയാണ് ഏവരും നിലയുറപ്പിച്ചിരുന്നത്. ഒടുവില്‍ ടൗണ്‍ ഹാളിലേക്ക് ആംബുലന്‍സ് കടന്നതോടെ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തിന് കണ്ണീരിന്റെ നനവായിരുന്നു. പതിനായിരങ്ങളാണ് കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിചേര്‍ന്നത്.

 

മുദ്രാവാക്യം വിളികളോട് കൂടി കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുകയായിരുന്നു. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് പ്രിയ സഖാവിന് ചെങ്കൊടി പുതപ്പിച്ചു. പിണറായി വിജയന്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെക്കും. സംസ്‌ക്കാരം പൂര്‍ണ്ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും.

 

OTHER SECTIONS