ആസിയാന്‍ - ഇന്ത്യ ഉച്ചകോടി: തീവ്രവാദത്തെ തുടച്ചുനീക്കാന്‍ പിന്തുണ തേടി മോദി

By Shyma Mohan.14 Nov, 2017

imran-azhar


    മനില: തീവ്രവാദവും ഭീകരവാദവുമാണ് മേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
    ഭീകരവാദത്തെ നേരിടുന്നതിന് ആസിയാന്‍ അംഗ രാജ്യങ്ങളുടെ സംയുക്ത പ്രവര്‍ത്തനം ആവശ്യമാണെന്നും മോദി പറഞ്ഞു. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ഇന്ത്യ ഒറ്റയ്ക്ക് ശക്തമായ പോരാട്ടം നടത്തിവരികയാണെന്നും എന്നാല്‍ ഈ വിഷയത്തില്‍ ആസിയാന്‍ രാജ്യങ്ങള്‍ വെല്ലുവിളി നേരിടുന്നതിന് സഹകരണം ശക്തമാക്കണമെന്നും മനിലയിലെ 15ാമത് ആസിയാന്‍ - ഇന്ത്യ ഉച്ചകോടിയില്‍ മോദി പറഞ്ഞു.
    മേഖലയില്‍ വ്യവസ്ഥകളിലൂന്നിയ സുരക്ഷാ സംവിധാനം കൊണ്ടുവരുന്നതിനായി ഇന്ത്യ ആസിയാന് പിന്തുണ നല്‍കുമെന്നും മേഖലയുടെ താല്‍പര്യങ്ങളും സമാധാനപരമായ വികസനത്തിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും മോദി പറഞ്ഞു. ആസിയാനുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ പഴക്കമേറിയതാണെന്നും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. 2018ലെ റിപ്പബ്ലിക് ദിനത്തില്‍ ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളെ മുഖ്യാതിഥികളായി 125 കോടി ഇന്ത്യക്കാര്‍ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു.
    1967ല്‍ നിലവില്‍ വന്ന ആസിയാനില്‍ തായ്‌ലാന്റ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മ്യാന്‍മാര്‍, കംബോഡിയ, ലാവോസ്, ബ്രൂണേ എന്നീ രാജ്യങ്ങളാണുള്ളത്.


OTHER SECTIONS