By അനിൽ പയ്യമ്പള്ളി.06 03 2021
ഗുവാഹത്തി: അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെച്ചൊല്ലി ആശയക്കുഴപ്പം. ഹിമന്ത ബിശ്വ ശർമ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതാണ് പുതിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. സംസ്ഥാന പ്രസിഡന്റ് രഞ്ജീത് കുമാർ ദാസിനേയും നിലവിലെ മുഖ്യമന്ത്രി സ്നോവലിനേയുമായിരുന്നു ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥികളായി ഉയർത്തിക്കാട്ടിയിരുന്നത്.
മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് രഞ്ജീത് കുമാർ മത്സരിക്കുന്നത്. ഒന്നും രണ്ടും ഘട്ട തിരഞ്ഞെപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. മത്സരിക്കാനില്ലെന്നറിയിച്ച് മാറി നിന്ന ഹിമന്തയുടെ പേരും രഞ്ജീത് കുമാറിനൊപ്പം ഉൾപ്പെടുത്തിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ സംശയം തുടങ്ങിയത്. അദ്ദേഹത്തിന്റെ മണ്ഡലമായ ജലുക്ബാരിയിൽ നിന്നാണ് മത്സരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാൽ മത്സരിക്കാനില്ലെന്നറിയിച്ച് സംസ്ഥാന അധ്യക്ഷൻ രഞ്ജീത് കുമാറിന് ഹിമന്ത കത്തയച്ചിരുന്നു. അതേ സമയം പാർട്ടി നിർദേശങ്ങൾ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര മന്ത്രിസഭയിൽ ഹിമന്തയെ ഉൾപ്പെടുത്താനാണ് നീക്കമെന്നായിരുന്നു വിലയിരുത്തൽ. 6 വർഷം മുൻപാണ് കോൺഗ്രസ് വിട്ട് ശർമ ബിജെപിയിൽ ചേർന്നത്. 2016ൽ മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും സ്നോവലിനെയാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്