പാകിസ്ഥാന്റെ ഹീറോ, ലോകത്തിന് വിവാദ നായകന്‍

By R Rajesh.10 10 2021

imran-azhar

 

പാകിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിച്ച ആണവ സാങ്കേതികവിദ്യ ഇറാന്‍, ലിബിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് എ ക്യൂ ഖാന്‍ കൈമാറിയത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അതുകൊണ്ടുതന്നെ ഖാനെ മരണവ്യാപാരിയെന്ന് ഹിലരി ക്ലിന്റനെപ്പോലുള്ളവര്‍ വിശേഷിപ്പിച്ചു

 

'ഒരിക്കലും നികത്താനാകാത്ത നഷ്ടങ്ങള്‍ക്കു കാരണക്കാരനായ ലോകത്തെ ഏറ്റവും വലിയ ആണവായുധ വക്താവ്' 2009 ല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റന്‍ ഡോ. അബ്ദുള്‍ ഖദീര്‍ ഖാനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഈ പ്രസ്താവനയില്‍ നിന്നും തന്നെ വ്യക്തമാണ് ലോകരാജ്യങ്ങള്‍ പോലും എങ്ങനെയാണ് ഡോ.അബ്ദുള്‍ ഖദീര്‍ ഖാനെ നിരീക്ഷിച്ചിരുന്നതെന്ന്. ഇന്ത്യ ആണവശക്തിയായി ഉയര്‍ന്നതിനു തൊട്ടുപിന്നാലെയായിരുന്നു പാകിസ്ഥാനും സ്വന്തമായി അണുബോംബ് വികസിപ്പിച്ചത്. ഇതിന് നേതൃത്വം നല്‍കിയത് ഡോ.അബ്ദുള്‍ ഖദീര്‍ ഖാനും.

 

1936ല്‍ ഇന്ത്യയിലെ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലായിരുന്നു ഡോ. ഖാന്റെ ജനനം. 1952ലാണ് അദ്ദേഹം പാകിസ്ഥാനിലെത്തുന്നത്. പിന്നീട് പാകിസ്ഥാന്റെ ആണവപദ്ധതികളുടെ പിതാവായി മാറിയ ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍ എന്ന എക്യൂ ഖാനിന്റെ ജീവിതം സിനിമ കഥ പോലെ സംഘര്‍ഷ ഭരിതമായിരുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍ ആദ്യമായി അണുബോംബ് വികസിപ്പിച്ച രാജ്യമെന്ന ഖാതി പാകിസ്ഥാന് നേടിക്കൊടുത്തത് എക്യൂ ഖാനായിരുന്നു. എന്നാല്‍ ഭീകരസംഘടനകളുടെ പക്കലേയ്ക്ക് അണുബോംബ് എത്തിക്കാന്‍ ഈ നീക്കം വഴിവെച്ചെന്ന് ലോകവ്യാപകമായി വിമര്‍ശനമുണ്ട്. പാകിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിച്ച ആണവ സാങ്കേതികവിദ്യ ഇറാന്‍, ലിബിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് കൈമാറിയത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. മൂന്ന് രാജ്യങ്ങളുമായി ഇടപാടുകള്‍ നടത്തിയെന്നു എക്യൂ ഖാന്‍ 2004ല്‍ കുറ്റസമ്മതം നടത്തിയതിനു പിന്നാലെ ഇദ്ദേഹത്തെ ഇസ്ലാമാബാദില്‍ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. പിന്നീട് കുറ്റം ഏറ്റുപറഞ്ഞതിനെ തുടര്‍ന്ന് അന്നത്തെ പ്രസിഡന്റ് മുഷ്റഫ് മാപ്പ് നല്‍കുകയും ചെയ്തു.

 

വീട്ടുതടങ്കലില്‍ 5 വര്‍ഷം

 

കോടതി വിധിയും അനുകൂലമായതോടെ 2009 ഫെബ്രുവരിയില്‍ അദ്ദേഹത്തെ തടങ്കലില്‍ നിന്ന് വിട്ടയക്കുകയായിരുന്നു. 2006ല്‍ ഖാന് പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും ശസ്ത്രക്രിയയിലൂടെ അദ്ദേഹം രോഗമുക്തനാകുകയായിരുന്നു. തുടര്‍ന്ന് 2009ലാണ് ഇദ്ദേഹത്തിന്റെ വീട്ടുതടങ്കല്‍ അവസാനിച്ചത്. എന്നാല്‍ ഇസ്ലാമാബാദിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം ഇദ്ദേഹത്തെ പോലീസും അനുഗമിച്ചിരുന്നു.

 

റാവല്‍പിണ്ടിക്കടുത്ത പാക് പഞ്ചാബിലെ കാഹുതയില്‍നിന്ന് അഞ്ചു മിനിറ്റ്‌കൊണ്ടു ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാനു സാധിക്കുമെന്ന് 2016യില്‍ അദ്ദേഹം നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ എക്യൂ ഖാനെ കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവാകുകയും അസുഖം ഭേദപ്പെടുകയും ചെയ്തതോടെ അദ്ദേഹത്തെ വീട്ടിലേയ്ക്ക് മടങ്ങാന്‍ അനുവദിച്ചെങ്കിലും ആഴ്ചകള്‍ക്കും ശേഷം വീണ്ടും ആരോഗ്യനില മോശമാകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തെ വീണ്ടും ഇസ്ലാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. പാകിസ്ഥാനെ ആണവശക്തിയായി ഉയര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്നും രാജ്യം ഒരിക്കലും അദ്ദേഹത്തിന്റെ സംഭവാവനകള്‍ മറക്കില്ലെന്നും പാക് പ്രസിഡന്റ് ആരിഫ് അല്‍വി ട്വീറ്റ് ചെയ്തു.

 

 

 

 

OTHER SECTIONS