കേണലിന്റെ ഭാര്യയുമായി ചുറ്റിക്കളി: ബ്രിഗേഡിയര്‍ക്ക് 10 വര്‍ഷത്തെ സീനിയോറിറ്റി നഷ്ടമായി

By Shyma Mohan.12 Oct, 2017

imran-azhar


    കൊല്‍ക്കത്ത: ആര്‍മി കേണലിന്റെ ഭാര്യയുമായി അവിഹിത ബന്ധം നടത്തിയതിനെ തുടര്‍ന്ന് ബ്രിഗേഡിയര്‍ക്ക് 10 വര്‍ഷത്തെ സീനിയോറിറ്റി നഷ്ടമായി. ഈസ്‌റ്റേണ്‍ ആര്‍മി കമാന്‍ഡ് നടത്തിയ ജനറല്‍ കോര്‍ട്ട്‌സ് മാര്‍ഷ്യല്‍(ജിസിഎം) നടത്തിയ വിചാരണയില്‍ കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് ബ്രിഗേഡിയര്‍ക്ക് സീനിയോറിറ്റി നഷ്ടമായതും കര്‍ക്കശമായ താക്കീതും ലഭിച്ചത്. ജി.സി.എമ്മിന്റെ വിധി അനുസരിച്ച് ബ്രിഗേഡിയര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ യാതൊരുവിധ പ്രൊമോഷനും അര്‍ഹതയുണ്ടാവുകയില്ല. പശ്ചിമബംഗാളിലെ 33 കോര്‍പ്‌സില്‍ ചൈന ഫ്രണ്ടിന്റെ നിര്‍ണ്ണായകമായ ഇന്‍ഫന്ററി ബ്രിഗേഡിലെ കമാന്‍ഡുണ്ടായിരുന്ന ബ്രിഗേഡിയര്‍ക്കാണ് ജി.സി.എം ശിക്ഷ വിധിച്ചത്. ബ്രിഗേഡിയറിന്റെ ദുര്‍നടപടി വളരെ ഗൗരവമുള്ളതാണെന്നും സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തീരെ ചേര്‍ന്നതല്ലെന്നും ജി.സി.എം വിലയിരുത്തി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് വിധേയരായവരെ സൈന്യത്തില്‍ നിന്നും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളൊന്നുമില്ലാതെ പുറത്താക്കുകയാണ് പതിവെന്നും ജി.സി.എമ്മിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ബ്രിഗേഡിയര്‍ക്ക് ലഭിച്ചത് വളരെ ചെറിയ ശിക്ഷയാണെന്നും അദ്ദേഹം കുറ്റം സമ്മതിച്ചതു മൂലമാണ് ഇളവ് ലഭിച്ചതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയിലെ ബിനാഗുഡിയിലുള്ള ഈസ്‌റ്റേണ്‍ ആര്‍മി കമാന്‍ഡിലാണ് ബ്രിഗേഡിയറെ കോര്‍ട്ട് മാര്‍ഷ്യല്‍ നടത്തിയത്. ബ്രിഗേഡിയര്‍ക്കെതിരെ ചുമത്തപ്പെട്ട 13 ചാര്‍ജുകളും തെളിയിക്കപ്പെട്ടു.


OTHER SECTIONS