സ്ത്രീകള്‍ മാത്രമായി അഫ്ഗാനിസ്ഥാനില്‍ സാന്‍ ടിവി

By Shyma Mohan.19 May, 2017

imran-azhar


    കാബൂള്‍: പുരുഷ മേല്‍ക്കോയ്മ കൊടികുത്തി വാഴുന്ന അഫ്ഗാനിസ്ഥാനിലെ മാധ്യമ വ്യവസായത്തിലേക്ക് സ്ത്രീകള്‍ക്ക് മാത്രമായി സമര്‍പ്പിച്ചുകൊണ്ട് ടിവി ചാനല്‍ സംപ്രേഷണം ആരംഭിക്കുന്നു. സാന്‍ ടിവി എന്ന പേരില്‍ വരുന്ന ഞായറാഴ്ച സംപ്രേഷണം ആരംഭിക്കുന്ന ചാനലിലെ അവതാരകരും പ്രൊഡ്യൂസര്‍മാരും അടക്കമുള്ള എല്ലാ ജീവനക്കാരും സ്ത്രീകളാണ്. കാബൂളിലെ പരസ്യ ബോര്‍ഡുകളിലും സോഷ്യല്‍ മീഡിയയിലും വന്‍ പ്രചാരണമാണ് സാന്‍ ടിവിക്കായി നടത്തിവരുന്നത്. വനിത ന്യൂസ് റീഡര്‍മാര്‍ അഫ്ഗാന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും സ്ത്രീകള്‍ മാത്രമായുള്ള ചാനല്‍ ഇതാദ്യമായാണ്. ദിനംപ്രതി അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍ക്കും ആക്രമണ സംഭവങ്ങള്‍ക്കിടയിലും അഫ്ഗാന്‍ സമൂഹത്തിലുണ്ടാകുന്ന മാറ്റമാണിത് സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിന് സ്ത്രീകള്‍ക്കായുള്ള ടിവി സ്റ്റേഷന്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് ചാനലിലെ പ്രൊഡ്യൂഡറായ 20കാരിയായ ഖത്തിറ അഹമ്മദി പറഞ്ഞു. 2001ല്‍ താലിബാന്‍ ഭരണം തൂത്തെറിയപ്പെട്ട അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശവും വിദ്യാഭ്യാസവും മാധ്യമ സ്വാതന്ത്ര്യവും അഫ്ഗാനിസ്ഥാന്‍ കൈവരിച്ച പ്രധാന നേട്ടങ്ങളായി സര്‍ക്കാരും അന്താരാഷ്ട്ര ഏജന്‍സികളും വിലയിരുത്തുന്നുണ്ട്. സ്വന്തം അനുഭവങ്ങളുടെ പ്രതിഫലനത്തെ സൂചിപ്പിക്കുന്ന വാര്‍ത്തകളും ചര്‍ച്ചകളും കേള്‍ക്കാനാഗ്രഹിക്കുന്ന കാബൂള്‍ പോലെയുള്ള അഫ്ഗാനിസ്ഥാനിലെ വന്‍ നഗരങ്ങളിലെ സ്ത്രീ പ്രേക്ഷകരെയാണ് ചാനല്‍ ലക്ഷ്യമിടുന്നതെന്ന് സാന്‍ ടിവി സ്ഥാപകന്‍ ഹമീദ് സമാര്‍ പറഞ്ഞു.

loading...