കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത മോദിക്ക് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി

By Shyma Mohan.24 May, 2018

imran-azhar


    ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് സ്വീകരിച്ചതില്‍ സന്തോഷം. ഞാനും ഒരു വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്ധന വില കുറയ്ക്കാന്‍ തയ്യാറാണോ, അല്ലെങ്കില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിലൂടെ ഇന്ധന വില കുറയ്ക്കാന്‍ താങ്കള്‍ നിര്‍ബന്ധിതനാകും. താങ്കളുടെ പ്രതികരണം പ്രതീക്ഷിക്കുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
    ചൊവ്വാഴ്ച കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് കോഹ്‌ലി മോദിയെ വെല്ലുവിളിച്ചത്. കോഹ്‌ലിയുടെ വെല്ലുവിളി മോദി വൈകാതെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. റാത്തോഡ് താന്‍ പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് കോഹ്‌ലിയെ വെല്ലുവിളിച്ചത്. നിലത്ത് കുത്തി കാലുകള്‍ മുകളിലേക്ക് ചലിപ്പിക്കുന്ന വ്യായാമമായ സ്‌പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് കോഹ്‌ലി റാത്തോഡിന്റെ വെല്ലുവിളി അതേ പോലെ ഏറ്റെടുത്തു.
    പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭാര്യ അനുഷ്‌ക ശര്‍മ്മ, മഹേന്ദ്ര സിംഗ് ധോണി എന്നിവരെയും ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കാന്‍ കോഹ്‌ലി വെല്ലുവിളിച്ചു. അനുഷ്‌കയും കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തു. പൗരന്‍മാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ഹാഷ് ടാഗുമായി ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്. മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് തന്നെ ഏറെ പ്രചോദിപ്പിച്ചുണ്ടെന്ന് പറഞ്ഞായിരുന്നു രാജ്യവര്‍ദ്ധന്‍ സിംഗ് ഫിറ്റ്‌നസ് വീഡിയോ തയ്യാറാക്കിയത്.
  

OTHER SECTIONS