ഏറെ പരിശ്രമത്തിനൊടുവില്‍ പിടിയിലായി, അവസാനം വെടിവെച്ച് കൊന്നു, വികാസ് എന്ന് കൊടും കുറ്റവാളി പിടിയിലായതിങ്ങനെ.....

By online desk .10 07 2020

imran-azhar

 

 

8 പൊലീസുകാരെ വകവരുത്തിയ വികാസ് ദുബെഎന്ന കൊടും ക്രിമിനലിന്റെ അറസ്റ്റ് കാണ്‍പുര്‍ രാഷ്ടീയത്തെയും ഇളക്കിമറിച്ചിരിക്കുന്നു.ജാതി ആയുധമാക്കിയാണ് ദുബെ ഇതുവരെ കളിച്ചതും പിടിച്ചുനിന്നതും. അറസ്റ്റു ചെയ്യാന്‍ വന്ന പൊലീസുകാരില്‍ എട്ടുപേരെ കൊന്നു കളഞ്ഞാലും തന്നെ ആരും ഒന്നും ചെയ്യില്ലെന്നുള്ള വികാസ് ദുബെഎന്ന ക്രിമിനലിന്റെ അമിത ആത്മവിശ്വാസമാണ് ഇതോടെ ഇല്ലാതായത്.ജൂലായ് രണ്ടാം തീയതി അര്‍ദ്ധരാത്രിക്ക് ശേഷം കാണ്‍പുരിനടുത്തുള്ള ബിക്രു ഗ്രാമത്തില്‍ വച്ചാണ് കാണ്‍പൂരിനെ നടുക്കിയ ഈ ഏറ്റുമുട്ടല്‍ നടന്നത്. കെട്ടിടങ്ങള്‍ക്കു മുകളില്‍ എകെ 47 അടക്കമുള്ള യന്ത്രത്തോക്കുകളുമായി ഇരിപ്പുറപ്പിച്ചിരുന്ന ഷൂട്ടര്‍മാരില്‍ നിന്ന് ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ഏഴു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രത്യാക്രമണത്തില്‍ മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. എന്നാല്‍ മട്ടുപ്പാവില്‍ നിന്നുള്ള ആക്രമണം കടുത്തതോടെ പൊലീസ് സംഘത്തിന് താത്കാലികമായി പിന്മറേണ്ടി വന്നു.വെടിയേറ്റ് മരിച്ച പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചാണ് അക്രമികള്‍ കടന്നത്. കമാന്‍ഡിംഗ് ഓഫീസര്‍ ദേവേന്ദ്ര മിശ്രയാണ് സംഘത്തെ നയിച്ചത്.

 

ആരാണ് ഈ വികാസ് ദുബെ?

 


ഉത്തര്‍ പ്രദേശില്‍ നടക്കുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും ഒരു ജാതിവിഷയമുണ്ടാകും. ഫൂലന്‍ ദേവി ആയാലും പാന്‍ സിംഗ് തോമര്‍ ആയാലും വികാസ് ദുബൈ ആയാലും അടിസ്ഥാന പ്രശ്‌നം ജാതി ആയിരിക്കും. 1989 -ല്‍ വിപി സിംഗ് സര്‍ക്കാര്‍ ജോലികളുടെ 49.5 ശതമാനവും ജാതിയുടെ അടിസ്ഥാനത്തില്‍ സംവരണം ചെയ്യണം എന്ന് പറഞ്ഞ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിപി സിംഗ് നടപ്പിലാക്കിയപ്പോള്‍ രാജ്യം ഇളകിമറിഞ്ഞു. സംവരണത്തിന്റെ ഗുണം കിട്ടുന്ന, കീഴ്ജാതിക്കാര്‍ ഒരു വശത്തും അതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടേക്കാവുന്ന ഉയര്‍ന്ന ജാതിക്കാര്‍ മറുവശത്തുമായി, ഉത്തര്‍പ്രദേശില്‍ 'കാന്‍ഷിറാം, മുലായം സിംഗ് തുടങ്ങിയ നേതാക്കളുടെ ബലത്തില്‍ അന്നുവരെ ബാക്ക് വേഡ് കാസ്റ്റ് എന്ന് വിളിക്കപ്പെട്ടിരുന്നവര്‍ മുഖ്യധാരയിലേക്ക് വന്നുതുടങ്ങിയിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിന്റെ പരിസരഗ്രാമങ്ങളില്‍ ഭൂമി കയ്യേറ്റത്തിന്റെ കൂടി കാലമായിരുന്നു. ഭാവിയിലെ സ്വര്‍ണ്ണഖനിയാണ് എന്നറിഞ്ഞ പലരും കിട്ടാവുന്നത്ര ഏക്കര്‍ ഭൂമി തുച്ഛ വില കൊടുത്തും ഭീഷണിപ്പെടുത്തിയും ആളെക്കൊന്നും ഒക്കെ സ്വന്തമാക്കിയിരുന്ന കാലം. 

 

 

അന്ന് യുപിയിലെ ഭൂമിയുടെ 90 ശതമാനവും മേല്‍ ജാതിക്കാരുടെ കൈയിലായിരുന്നു. മണ്ഡല്‍ പൊളിറ്റിക്‌സിന്റെ ബലത്തില്‍ അത് പതുക്കെ കീഴ് ജാതിക്കാര്‍ കൈക്കലാക്കാന്‍ തുടങ്ങി. കൈയൂക്കിന്റെ ബലത്തില്‍ പ്രാദേശികമായി പുതിയ പല നേതാക്കളും ഉയര്‍ന്നുവന്നു. അങ്ങനെ ഇരിക്കെ ചൗബേപ്പൂര്‍ എന്ന പ്രദേശത്തെ ബിട്ട്രൂ ഗ്രാമത്തില്‍ വികാസ് ദുബെ എന്നൊരു ബ്രാഹ്മണ യുവാവ് സ്വജാതിക്കാരായ കുറച്ചുപേരെ ഒന്നിച്ചു കൂട്ടി, കീഴ്ജാതിക്കാരെ ദുബെയുടെ സംഘം അടിച്ചോടിച്ചു. അതോടെ ചൗബേപ്പൂരിന് പുതിയ ഒരു ദാദയെ കിട്ടി. ബ്രാഹ്മണപക്ഷത്തിന് വേണ്ടി തല്ലുണ്ടാക്കിയ ആ യുവാവിനെ ബ്രാഹ്മണര്‍ പണ്ഡിറ്റ്ജി എന്ന് വിളിച്ചു.അത്യാവശ്യത്തിന് കുപ്രസിദ്ധി ഒക്കെ ആയപ്പോള്‍ വികാസ് ദുബെ, നാലഞ്ച് ആളെ ചേര്‍ത്ത് ഒരു ഗ്യാങ് ഉണ്ടാക്കി. പേര് ബുള്ളറ്റ് ഗ്യാങ്. പിള്ളേര്‍ എല്ലാവരും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ മാത്രമേ സഞ്ചരിച്ചിരുന്നുളൂ. അതാണ് നാട്ടുകാര്‍ അങ്ങനെ ഒരു പേരിടാന്‍ കാരണം. തന്റെ പതിനേഴാമത്തെയോ പതിനെട്ടാമത്തെയോ വയസ്സിലാണ് അയാള്‍ ആദ്യത്തെ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത്. ഒരു വിവാഹകഴിഞ്ഞെത്തിയ വരന്റെ പാര്‍ട്ടിയെ വഴിയില്‍ ഇരുട്ടിന്റെ മറവില്‍ ബുള്ളറ്റ് ഗാങ് കൊള്ളയടിച്ചു. അപാരമായ പ്ലാനിങ് ആയിരുന്നു. ഇരുട്ടില്‍ പൊന്തക്കാട്ടില്‍ ചെടികളിലും മറ്റും പത്തിരുപത് സിഗരറ്റുകള്‍ കൊളുത്തി വെച്ചിരുന്നു അയാള്‍. വിവാഹപ്പാര്‍ട്ടിയില്‍ കൊള്ളസംഘത്തിന്റെ നാലിരട്ടി ആളുണ്ടായിരുന്നു എങ്കിലും ഈ സിഗരറ്റിന്റെ കനലുകള്‍ ഇരുട്ടില്‍ അവിടവിടെ കണ്ടപ്പോള്‍ കൊള്ളക്കാര്‍ ഏറെപ്പേരുണ്ട് എന്ന് കരുതി കയ്യിലുണ്ടായിരുന്ന പൊന്നും പണവുമെല്ലാം അവര്‍ ഊരി നല്‍കി.

 

 

വികാസ് ദുബെയെ രാഷ്ട്രീയത്തിലേയ്ക്ക് കൈപിടിച്ച് കയറ്റുന്നത് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ നേക് ചന്ദ് പാണ്ഡെ ആണ്. നാട്ടില്‍ അത്യാവശ്യം ഗുണ്ടായിസം കാണിക്കുക. പിരിവ് നടത്തുക. തല്ലുണ്ടാക്കുക.ആളുകളെ ഭീഷണിപ്പെടുത്തുക. ഒടുവില്‍, പരാതി ചെല്ലുമ്പോള്‍ ആളെ പൊലീസ് അറസ്റ്റു ചെയ്യുക. കേസില്‍ നിന്ന് ഊരിപ്പോരുക. ഇത് സ്ഥിരം പരിപാടി ആയി. പിന്നീട് ദുബെ രാഷ്ട്രീയത്തില്‍ മുന്നോട്ട് പോയത് ചൗബേപ്പൂര്‍ എംഎല്‍എ സ്ഥാനാര്‍ത്ഥിയും മുന്‍ നിയമസഭാ സ്പീക്കറുമായ ഹരി കിഷന്‍ ശ്രീവാസ്തവയുടെ തണലിലാണ്.  1990 -ലാണ് ബിക്രൂ ഗ്രാമത്തിലെ ചുന്നാ ബാബയുടെ കൊല നടന്നത്. അതിനു പിന്നില്‍ വികാസ് ദുബെ ആയിരുന്നു എന്ന് പരക്കെ സംസാരമുണ്ടായി. അയാളുടെ പേരില്‍ ഉണ്ടായിരുന്ന മൂന്നേക്കര്‍ സ്ഥലം തട്ടിയെടുക്കാനായിരുന്നു ആ കൊല.

 

ആദ്യത്തെ ഹൈ പ്രൊഫൈല്‍ മര്‍ഡര്‍

 

ശിവ്ലിയില്‍ തന്റെ കോട്ടയുറപ്പിച്ച് തന്റെ ലോക്കല്‍ പരിപാടികളുമായി മുന്നോട്ടുപോയ വികാസ് ദുബെയുടെ ജീവിതത്തിലെ വഴിത്തിരിവ് 2001 -ലെ ബിജെപി നേതാവ് സന്തോഷ് ശുക്ലയുടെ കൊലപാതകം ആയിരുന്നു. അന്ന് മായാവതി മുഖ്യമന്ത്രി. യുപിയില്‍ ബിഎസ്പി ഗവണ്മെന്റ് ഭരണത്തില്‍. ദുബെ ബിഎസ്പി നേതാവും. ഈ കേസില്‍ ദുബെ സ്വയം കീഴടങ്ങി. പക്ഷേ കോടതി തെളിവുകളുടെ അഭാവത്തില്‍ ദുബെയെ വെറുതെവിട്ടു. 2004 -ല്‍ ലോക്കല്‍ ബിസിനസ് മാന്‍ ആയ ദിനേശ് ദുബെയെയും 2018 -ല്‍ സ്വന്തം കസിന്‍ സഹോദരന്‍ അനുരാഗിനെയും കൊന്ന കേസുകളില്‍ വികാസ് പ്രതിയാണ്.

 

 


വോട്ട്ബാങ്ക് പൊളിറ്റിക്‌സിന്റെ ബലത്തില്‍ തുടര്‍ന്ന കുറ്റകൃത്യങ്ങള്‍
ഇന്ന് വികാസ് ദുബെ എന്ന നാല്‍പ്പത്തേഴുകാരന് മേല്‍ ഉള്ളത് അറുപതു ക്രിമിനല്‍ കേസാണ്. 90 മുതല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള അറുപതോളം കേസുകളില്‍ പ്രതിയായിട്ടും ഇന്നുവരെ ഒന്നില്‍ പോലും ദുബെക്ക് ശിക്ഷവാങ്ങിക്കൊടുക്കാന്‍ യുപിയില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ആയില്ല. സര്‍ക്കാര്‍ മാറുമ്പോള്‍ ദുബെയുടെ കൂറും ഭരണപക്ഷത്തേക്ക് ചാഞ്ചാടും. ഭാര്യ ബിക്ക്രു ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു എങ്കിലും, കാണ്‍പൂര്‍ ജില്ലയില്‍ പോലും അവര്‍ ഒരിക്കലും വന്നിരുന്നില്ല. ഭാര്യക്കുവേണ്ടി ബിക്ക്രു ഗ്രാമം ദുബെ ഭരിച്ചു. ബിക്ക്രുവിന് ചുറ്റുമുള്ള 25 ഗ്രാമങ്ങളിലെങ്കിലും വികാസ് ദുബെയുടെ സ്വാധീനം അനിഷേധ്യമായിരുന്നു.

 

കഴിഞ്ഞ ദിവസം നടന്ന കൈവിട്ട കളി

 

 

എന്നാല്‍, എട്ടുപൊലീസുകാരുടെ ഹത്യക്ക് ശേഷം സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ആ കാളരാത്രിക്ക് ശേഷം ബിക്ക്രു ഗ്രാമം ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ താമസമുണ്ടായിരുന്ന യുവാക്കളില്‍ പലരും സ്ഥലം വിട്ടുകഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ വികാസ് ദുബെയുടെ കുപ്രസിദ്ധി പ്രയോജനപ്പെടുത്തിക്കൊണ്ട് സ്വന്തം കാര്യങ്ങള്‍ നേടിയിരുന്നവരാണ് ഗ്രാമവാസികളില്‍ പലരും. ഇതിനു മുമ്പും പലവട്ടം ദുബെയെ അറസ്റ്റുചെയ്യാന്‍ പൊലീസുകാര്‍ ബിക്ക്രു ഗ്രാമത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ഗ്രാമവാസികളുടെ എതിര്‍പ്പ് കാരണം ഇന്നുവരെ അവര്‍ക്കതിനു സാധിച്ചിരുന്നില്ല.

 

പൊലീസിലെ ദുബെയുടെ ഒറ്റുകാര്‍

 

സാധാരണ ഗതിക്ക് കുറ്റവാളികള്‍ക്കിടയിലെ ഇന്‍ഫോര്‍മര്‍മാരില്‍ നിന്ന് രഹസ്യവിവരങ്ങള്‍ പൊലീസിലേക്കാണ് എത്താറുള്ളത്. ദുബെയുടെ കാര്യത്തില്‍ ഇത് തിരിച്ചായിരുന്നു. ചൗബേപ്പൂര്‍ എസ്എച്ച്ഒ വിനയ് തിവാരി അടക്കം ചുരുങ്ങിയത് നാലുപേരാണ് ദുബെയുടെ പടി പറ്റിക്കൊണ്ട് പൊലീസ് യൂണിഫോമിട്ട് ജോലി ചെയ്തിരുന്നത്. അവരില്‍ ആരാണ് അറസ്റ്റിനായി പൊലീസ്പാര്‍ട്ടി വരുന്ന വിവരം ദുബെക്ക് എത്തിച്ചു നല്‍കിയത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്തായാലും ഇതുവരെ നാലു പോലീസുകാര്‍ സസ്‌പെന്‍ഷനിലായിട്ടുണ്ട്. വീട് ഇടിച്ചു നിരത്തിയ ശേഷം പൊലീസ് നടത്തിയ തിരച്ചിലില്‍ വീടിന്റെ നിലവറയില്‍ സൂക്ഷിച്ചിരുന്ന മാരകായുധങ്ങളും വലിയ അളവിലുള്ള സ്ഫോടകവസ്തു ശേഖരവും കണ്ടെടുത്തിരുന്നു.