സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഇന്ത്യക്ക് ബഹിരാകാശത്തു നിന്ന് ആശംസ

By Shyma Mohan.13 08 2022

imran-azhar

 


ന്യൂഡല്‍ഹി: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയില്‍ ഇറ്റാലിയന്‍ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്‌റ്റോഫോറെറ്റി ബഹിരാകാശത്തുനിന്ന് ഇന്ത്യക്ക് ആശംസ അറിയിച്ചു. രാജ്യത്തിന്റെ ബഹിരാകാശ ഏജന്‍സിയായ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് ഗഗന്‍യാന്‍ പദ്ധതിക്കാണ് വിജയം ആശംസിച്ച് വീഡിയോ സന്ദേശം അയച്ചിരിക്കുന്നത്.

 

ഇന്ത്യയുടെ കന്നി മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ പദ്ധതി 2023ല്‍ നടക്കാനിരിക്കുകയാണ്. ഐഎസ്എക്കും നാസക്കും എല്ലാ അന്താരാഷ്ട്ര പങ്കാളികള്‍ക്കും വേണ്ടി ഐഎസ്ആര്‍ഒ ഗഗന്‍യാന്‍ പദ്ധതിക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ആശംസകള്‍ നേരുന്നതായി സാമന്ത വീഡിയോ സന്ദേശത്തില്‍ അറിയിച്ചു.

 

യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവാണ് സാമന്തയുടെ വീഡിയോ പങ്കുവെച്ചത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായിയുടെ ജന്മവാര്‍ഷിക ദിനത്തിലാണ് ഒരു മിനിറ്റ് 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ധു പങ്കുവെച്ചത്.

 

ഐസ്ആര്‍ഒയും നാസയും തമ്മിലുള്ള സംയുക്ത ഭൗമ നിരീക്ഷണത്തെക്കുറിച്ചും സാമന്ത വീഡിയോയില്‍ സംസാരിക്കുന്നു. ഭാവി ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്കായി അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയുമായുള്ള പങ്കാളിത്തം വിപുലീകരിക്കുകയാണെന്നും അവര്‍ പറയുന്നു.

OTHER SECTIONS