മോദിക്കെതിരെ നീച് ആദ്മി പരാമര്‍ശം: മണി ശങ്കര്‍ അയ്യരെ സസ്‌പെന്റ് ചെയ്തു

By Shyma Mohan.07 Dec, 2017

imran-azhar


    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീച് ആദ്മി എന്ന പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂരജ്‌വാല അയ്യരുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. നരേന്ദ്ര മോദിയെ തരംതാണ വ്യക്തിയെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അയ്യര്‍ മാപ്പുപറഞ്ഞിരുന്നു. അയ്യരുടെ പ്രയോഗം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്‌കാരമല്ലെന്ന് രാഹുല്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി മണി ശങ്കര്‍ അയ്യര്‍ എത്തിയത്. എല്ലാ ദിവസവും പ്രധാനമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മോശമായ ഭാഷ ഉപയോഗിക്കുന്നത് എന്തിനെന്ന് അയ്യര്‍ പറഞ്ഞു. താനൊരു ഫ്രീലാന്‍സ് കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടിയില്‍ യാതൊരു പദവിയും വഹിക്കുന്നില്ലെന്നും അതുകൊണ്ട് പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ മറുപടി പറയാന്‍ കഴിയുമെന്നും അയ്യര്‍ പറഞ്ഞു. നീച് എന്ന പ്രയോഗത്തിലൂടെ താന്‍ തരംതാണത് എന്നാണ് ഉദ്ദേശിച്ചതെന്നും ഹിന്ദി തന്റെ മാതൃഭാഷയല്ലാത്തതുകൊണ്ട് ഇംഗ്ലീഷില്‍ ചിന്തിച്ച ശേഷം ഹിന്ദിയില്‍ പറയുകയാണ് പതിവെന്നും അയ്യര്‍ പറഞ്ഞു. അതുകൊണ്ട് തന്റെ പ്രയോഗത്തിന് മറ്റ് അര്‍ത്ഥമുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും മണി ശങ്കര്‍ അറിയിച്ചു. താന്‍ ഒരിക്കലും മോദിയെ താഴ്ന്ന ജന്മമെടുത്തവനെന്ന് വിളിച്ചിട്ടില്ലെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്ര നിര്‍മ്മാണത്തില്‍ ഡോ.ബി.ആര്‍ അംബേദ്കറുടെ സംഭാവനയെ കോണ്‍ഗ്രസ് തുടച്ചുനീക്കാന്‍ ശ്രമിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആരോപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മണി ശങ്കര്‍ അയ്യര്‍. ഡല്‍ഹിയില്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യവേയാണ് അംബേദ്കറിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അംബേദ്കര്‍ സെന്റര്‍ പദ്ധതി പൂര്‍ത്തീകരിക്കാതെ കിടക്കുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ദ്രുതഗതിയില്‍ പദ്ധതി പൂര്‍ത്തീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.


OTHER SECTIONS