അല്‍ക്വയ്ദ ബ്രിട്ടീഷുകാരന്റെ സഹായത്തോടെ ഡല്‍ഹിയില്‍ അടിത്തറയിടാന്‍ ശ്രമിച്ചു: എന്‍ഐഎ

By Shyma Mohan.15 Mar, 2018

imran-azhar


    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അടിത്തറയുണ്ടാക്കാന്‍ അല്‍ക്വയ്ദ ബ്രിട്ടീഷുകാരനായ സാമിയുന്‍ റഹ്മാനിലൂടെ ശ്രമം നടത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കോടതിയെ അറിയിച്ചു. 2017ല്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത അല്‍ക്വയ്ദ ഓപ്പറേറ്റീവായ സാമിയുന്‍ റഹ്മാന്‍ മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കുവേണ്ടി പോരാടാന്‍ പദ്ധതിയിട്ടിരുന്നതായും ബംഗ്ലാദേശില്‍ നിന്നും പശ്ചിമ ബംഗാളിലെ ബീനാപോളെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടന്നിരുന്നുവെന്നും എന്‍.ഐ.എ പട്യാല കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
    കഴിഞ്ഞ നവംബര്‍ 8നാണ് 29കാരനായ സാമിയുന്‍ റഹ്മാനെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് എന്‍.ഐ.എ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഷുമോണ്‍ ഹഖ്(രാജു ഭായ്) എന്ന വ്യാജ പേരില്‍ ഇന്ത്യയില്‍ താമസിച്ചു വരികയായിരുന്നു ലണ്ടനിലെ പോര്‍ട്ട് പൂള്‍ ലെയിന്‍ നിവാസിയായ ഹമദാന്‍ എന്ന റഹ്മാന്‍ എന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ വിലാസത്തിലാണ് വ്യാജരേഖ ചമച്ചിരിക്കുന്നതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

Al-Qaeda attempted setting up its Delhi base in Delhi through Briton says NIA