രാജ്ഞിക്ക് ഏറ്റവും പ്രിയപ്പെട്ട കൊട്ടാരം; വിസ്മയങ്ങള്‍ ഒളിപ്പിച്ച വാസ്തുശില്പ അത്ഭുതത്തില്‍ അന്ത്യവും: വീഡിയോ

By Web Desk.11 09 2022

imran-azhar

 


ബാല്‍മോറല്‍ കാസില്‍. എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട വേനല്‍ക്കാല വസതി. രാജ്ഞി അവസാന നാളുകള്‍ ചെലവഴിച്ചത് ഇവിടെയാണ്. സ്‌കോട്ട്ലന്‍ഡിലെ മനോഹരവും രാജകീയവുമായ ബാല്‍മോറല്‍ കാസിലിലാണ് എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും അവധിക്കാലങ്ങള്‍ മിക്കതും ചെലവഴിച്ചത്. രാജ്ഞി ഒഴിവുകാലത്ത് ഇവിടെ അതിഥികള്‍ക്ക് പ്രത്യേക വിരുന്നു സല്‍ക്കാരം നടത്തുമായിരുന്നു.

 

സ്‌കോട്ടിഷ് നിര്‍മ്മാണശൈലിയില്‍ 1856 പണിപൂര്‍ത്തിയാക്കിയ കൊട്ടാരം ഏകദേശം 500 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തോട് ചേര്‍ന്ന് വലിയൊരു അടുക്കളതോട്ടമുണ്ട്. കാസിലിനോട് ചേര്‍ന്നുള്ള വിക്ടോറിയന്‍ ഗ്ലാസ് ഹൗസ്, ഗാര്‍ഡന്‍ കോട്ടേജ് എന്നിവയും മനോഹരമാണ്. ഈ കോട്ടേജില്‍ രാജ്ഞി പ്രാതല്‍ കഴിക്കാനും വായിക്കാനും എഴുതാനുമൊക്കെ എത്താറുണ്ട്. ബാല്‍മോറല്‍ കൊട്ടാരത്തെ ഏറ്റവും സുന്ദരമാക്കുന്നത് ഇവിടുത്തെ ഭൂപ്രകൃതിയാണ്.

 

50,000 ഏക്കറില്‍ പൈന്‍ മരങ്ങളും കൃഷിഭൂമിയും ഉള്‍പ്പെട്ട ബാല്‍മോറല്‍ എസ്റ്റേറ്റ് പ്രകൃതിസുന്ദരമാണ്. മലനിരകളും അരുവികളും ചെറുകാടുകളും കാസിലിനു ചുറ്റുമുണ്ട്. കന്നുകാലികളും മാനുകളും മേയുന്ന ഇടം. അതിനുള്ളിലാണ് 52 കിടപ്പുമുറികളും ഒട്ടേറെ സജ്ജീകരണങ്ങളും ഉള്ള കൊട്ടാരം സ്ഥിതിചെയ്യുന്നത്.

 

1852ല്‍ ആല്‍ബര്‍ട്ട് രാജകുമാരനാണു വിക്ടോറിയ രാജ്ഞിക്കു വേണ്ടി ബാല്‍മോറല്‍ എസ്റ്റേറ്റ് വാങ്ങിയത്. 1901ല്‍ വിക്ടോറിയ രാജ്ഞി അന്തരിച്ചപ്പോള്‍ അവരുടെ ഇഷ്ടപ്രകാരം എഡ്വേഡ് ഏഴാമന്‍ രാജാവിനും അദ്ദേഹത്തില്‍നിന്നു പിന്‍ഗാമികള്‍ക്കും ബല്‍മോറല്‍ കൈമാറുകയായിരുന്നു.

 

ശൈത്യകാലത്ത് ബല്‍മോറല്‍ കൊട്ടാരം വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാറുണ്ട്. രാജകുടുംബാംഗങ്ങള്‍ ഇവിടെ താമസിക്കുന്ന ദിവസങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. ബാല്‍മോറലിനു പുറമേ ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരം, ബെര്‍ക്ഷെയറിലെ വിന്‍ഡ്‌സര്‍ കോട്ട, നോര്‍ഫോക്കിലെ സാന്‍ഡ്രിങ്ങാം കോട്ട, എഡിന്‍ബര്‍ഗിലെ ഹോളിറൂഡ്ഹൗസ് കൊട്ടാരം, വടക്കന്‍ അയര്‍ലണ്ടിലെ ഹില്‍സ്ബറോ കോട്ട എന്നിവയുള്‍പ്പെടെ യുകെയില്‍ രാജ്ഞിക്ക് 6 രാജകീയ വസതികളാണുള്ളത്.

 

ഉയര്‍ന്ന സ്ഥലങ്ങളില്‍ താമസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന രാജ്ഞിക്ക് ബാല്‍മോറല്‍ കൊട്ടാരം ഏറെ പ്രിയപ്പെട്ടതായിരുന്നു.

 

 

 

OTHER SECTIONS