അയോധ്യ പ്രശ്‌നത്തിന് രമ്യമായ പരിഹാരമായെന്ന് യുപി ഷിയ വഖഫ് ബോര്‍ഡ്

By Shyma Mohan.14 Nov, 2017

imran-azhar


    ലക്‌നൗ: ബാബ്‌റിമസ്ജിദ് - അയോധ്യ തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള കരട് നിര്‍ദ്ദേശം തയ്യാറായതായി ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. കരട് നിര്‍ദ്ദേശ രേഖയുടെ കവര്‍ പേജ് പുറത്തുവിട്ടുകൊണ്ട് പ്രശ്‌നത്തിന് രമ്യമായ പരിഹാരം തയ്യാറായതായി ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി ലക്‌നൗവില്‍ അവകാശപ്പെട്ടു.
    കവര്‍ പേജില്‍ ഐക്യത്തിലേക്കുള്ള ഒരു വഴിയെന്ന് രേഖപ്പെടുത്തി നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തിന്റെയും ബാബ്‌റി മസ്ജിദ് പള്ളിയുടെയും പശ്ചാത്തലത്തില്‍ കുറി തൊട്ട ഹൈന്ദവന്‍ ഒരു മുസ്ലീം യുവാവിനെ ആശ്ലേഷിക്കുന്ന ചിത്രവുമുണ്ട്. കരട് രേഖയിലെ ഉള്ളടക്കത്തെക്കുറിച്ച് റിസ്‌വി കൂടുതല്‍ വിശദീകരണങ്ങളൊന്നും നല്‍കിയില്ല. കരട് ഉടനെ പൂര്‍ത്തീകരിക്കുമെന്നും റിസ്‌വി പറഞ്ഞു.
    രാമക്ഷേത്ര - ബാബ്‌റി മസ്ജിദ് തര്‍ക്ക വിഷയത്തില്‍ അഖില ഭാരതീയ അഖാഡ പരിഷത്തുമായി യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ഇന്നലെ ധാരണയിലെത്തിയതായും അതിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട പ്രശ്‌ന പരിഹാര നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്ന് ഇരുസംഘടനാ നേതാക്കളും അറിയിച്ചു. അയോധ്യയിലോ ഫൈസാബാദിലോ പുതിയ പള്ളി പണിയുന്നതിനെ അഖാഡ പരിഷത്ത് എതിര്‍ത്തിരുന്നു. ഷിയ വഖഫ് ബോര്‍ഡ് മുസ്ലീം മേധാവിത്തമുള്ള പ്രദേശത്ത് സ്ഥലം കണ്ടെത്തിയ ശേഷം പള്ളി പണിയുവാന്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് റിസ്‌വി പറഞ്ഞു. രാമജന്മഭൂമി ട്രസ്റ്റ് പ്രസിഡന്റ് മഹന്ദ് നൃത്യാ ഗോപാല്‍ദാസും റിസ്‌വിയോടൊപ്പം യോഗത്തില്‍ പങ്കെടുത്തു.
    അയോധ്യ വിഷയത്തില്‍ ഡിസംബര്‍ 5 മുതല്‍ അന്തിമ വാദം കേള്‍ക്കാന്‍ തുടങ്ങുമെന്ന് ഓഗസ്റ്റ് 11ന് സുപ്രീം കോടതി അറിയിച്ചിരുന്നു.


OTHER SECTIONS