കോൺഗ്രസിൽ പോര്: മോദിയെ പുകഴ്ത്താതെ പണിയെടുക്കാൻ ആനന്ദ്ശർമ്മയോട് അധീർ രഞ്ജൻ ചൗധരി

By അനിൽ പയ്യമ്പള്ളി.02 03 2021

imran-azhar

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിർത്തണമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. മറ്റൊരു നേതാവ് ആനന്ദ് ശർമയുടെ പരസ്യ പ്രസ്താവനയ്ക്കുള്ള മറുപടിയായായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ബംഗാൾ കോൺഗ്രസ് ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്നതിനെതിരെയായിരുന്നു ആനന്ദ് ശർമയുടെ ട്വീറ്റ്.

വ്യക്തിപരമായ സൗകര്യങ്ങൾ ലക്ഷ്യംവെച്ച് നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും നരേന്ദ്ര മോദിയെ സ്തുതിക്കുകുകയും ചെയ്യുന്ന ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ നടപടി അവസാനിപ്പിക്കണം.

പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് അവർ ചെയ്യേണ്ടത്, അവരെ വളർത്തിക്കൊണ്ടുവന്ന പാർട്ടിയെ ദുർബലപ്പെടുത്തുകയല്ല, അധീർ രഞ്ജൻ ചൗധരി ട്വീറ്റിൽ പറഞ്ഞു. ആനന്ദ് ശർമ, ഗുലാം നബി ആസാദ് എന്നിവരെ പരാമർശിച്ചുകൊണ്ടായിരുന്നു ഇത്.

ബിജെപിയുടെ വിഷലിപ്തമായ വർഗീയതയ്ക്കെതിരെ പോരാടാൻ പ്രതിജ്ഞാബദ്ധരാണ് കോൺഗ്രസിന്റെ നേതാക്കൾ. ഈ ലക്ഷ്യത്തിനായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുകയും പാർട്ടിക്ക് പിന്തുണ നൽകുകയുമാണ് അവർ ചെയ്യേണ്ടതെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

ഗുലാം നബി ആസാദ് അടുത്തിടെ പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ പോലുള്ള നേതാക്കളുടെ കാര്യത്തിൽ അഭിമാനം തോന്നുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

കോൺഗ്രസ് നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ വിമത വിഭാഗത്തിൽപെടുന്ന നേതാക്കളാണ് ഗുലാം നബി ആസാദും ആനന്ദ് ശർമയും. പാർട്ടി തീരുമാനങ്ങളെ പലപ്പോഴും വിമർശിച്ചിട്ടുള്ള നേതാക്കളുമാണ് ഇവർ.

പശ്ചിമബംഗാളിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്നത് മതനിരപേക്ഷത സംബന്ധിച്ച് ഗാന്ധിയും നെഹ്റുവും മുന്നോട്ടുവെച്ച കോൺഗ്രസിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്ന് ആനന്ദ് ശർമ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയങ്ങൾ കോൺഗ്രസ് പ്രവർത്തക സമിതി ചർച്ചചെയ്യണമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നു.

വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പുകൾ നടത്താൻ പാടില്ല. എല്ലാ തരത്തിലുമുള്ള വർഗീയതയ്ക്കെതിരെയും നാം പോരാടണം. പശ്ചിമബംഗാളിലെ കോൺഗ്രസ് അധ്യക്ഷന്റെ നിലപാട് അപമാനകരമാണെന്നും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

 

 

 

 

 

 

OTHER SECTIONS