സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു വമ്പന്‍ സ്രാവ് മലപ്പുറത്ത് പിടിയില്‍

By online desk .11 07 2020

imran-azhar

 


മലപ്പുറം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തുള്ള ഒരാള്‍ കൂടി പിടിയിലായി. ഇവരില്‍ നിന്ന് സ്വര്‍ണം വാങ്ങിയെന്ന് സംശയിക്കുന്ന പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസ് ആണ് പിടിയിലായത് എന്നാണ് വിവരം. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. സ്വര്ണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായതെന്നാണ് വിവരം. 

 

സ്വര്‍ണ്ണം ആര്‍ക്കെല്ലാം നല്‍കി എന്ന വിവരം കസ്റ്റംസിന് ചോദ്യം ചെയ്യലിലൂടെ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മലപ്പുറം സ്വദേശി പിടിയിലായത്. ഇയാളെ ഇപ്പോള്‍ കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് വിവരം. കള്ളക്കടത്തില്‍ നിന്നും ലഭിച്ച സ്വര്‍ണം ഇയാള്‍ കേരളത്തിനു പുറത്തും വില്‍പ്പന നടത്തിയെന്നും കണ്ടെത്തി. സ്വര്‍ണ്ണം ആവശ്യമുള്ളവര്‍ മുന്‍കൂറായി പണം നല്‍കിയാണ് സ്വര്‍ണ്ണം വിദേശത്തുനിന്നും വരുത്തിയിരുന്നത്. കുടുതല്‍ ആളുകള് വരും മണിക്കൂറുകളില്‍ പിടിയിലാകുമെന്നാണ് സൂചന.


അതേസമയം, കേസിലെ പ്രധാന പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയോടെ ഇരുവരെയും കൊച്ചിയില്‍ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബംഗളൂരുവിലെ ബിടിഎം ലേഔട്ട് ഹോട്ടലില്‍ നിന്നാണ് സ്വപ്‌നയേയും സന്ദീപിനേയും ഇന്നലെ രാത്രിയോടെ എന്‍ഐഎ പിടികൂടിയത്. ഇന്ന് ഉച്ചയോടെ കൊച്ചിയില്‍ എത്തിക്കുന്ന ഇവരെ കോവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയരാക്കും.

 

 

 

OTHER SECTIONS