ഇസ്രായേല്‍ വിരുദ്ധത: യുനെസ്‌കോയെ അമേരിക്ക കൈവിട്ടു

By Shyma Mohan.12 Oct, 2017

imran-azhar


    വാഷിംഗ്ടണ്‍: ഇസ്രായേല്‍ വിരുദ്ധ നിലപാട് യുനെസ്‌കോ(യുണൈറ്റഡ് നാഷന്‍സ് എഡ്യുക്കേഷണല്‍, സയന്റിഫിക്ക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) തുടര്‍ച്ചയായി കൈക്കൊള്ളുന്നതിന്റെ പേരില്‍ യുനെസ്‌കോയില്‍ നിന്നും അമേരിക്ക പിന്‍മാറുന്നതായി യു.എസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ യുനെസ്‌കോയില്‍ നിരീക്ഷക രാജ്യമായി അംഗരാജ്യമല്ലാതെ തുടരാന്‍ അമേരിക്കക്ക് താല്‍പര്യമുണ്ടെന്ന് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഇറിന ബൊക്കോവയെ അറിയിച്ചിട്ടുണ്ട്.
    യുനെസ്‌കോയുമായി അനൗപചാരികമായി യു.എസ് ബന്ധപ്പെട്ടു നില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. 2018 അവസാനത്തോടെ യുനെസ്‌കോയില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍വാങ്ങല്‍ പ്രാബല്യത്തില്‍ വരും. പാരീസ് ആസ്ഥാനമായുള്ള യുനെസ്‌കോയില്‍ നിന്നും പിന്‍മാറാനുള്ള ഔദ്യോഗിക തീരുമാനം എടുത്തത് ട്രമ്പ് ഭരണകൂടമാണെങ്കിലും 2011നു മുന്‍പുതന്നെ സംഘടനയില്‍ നിന്നും അകന്നുനില്‍ക്കാന്‍ ഒബാമ ഭരണകൂടം തീരുമാനിക്കുകയും സംഘടനക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
    പാലസ്തീന്‍ ഭരണകൂടത്തെ ഫുള്‍ മെമ്പറായി യുനെസ്‌കോയില്‍ എടുത്തതിനെ തുടര്‍ന്നായിരുന്നു അമേരിക്കന്‍ നടപടി. തുടര്‍ന്ന് 2013ല്‍ അമേരിക്കക്ക് യുനെസ്‌കോയില്‍ വോട്ടവകാശം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഇസ്രായേല്‍ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കിലെ ഹെബറോണ്‍ എന്ന പുരാതന നഗരം പാലസ്തീന്റെ ലോക പൈതൃക സൈറ്റായി യുനെസ്‌കോ പ്രഖ്യാപിച്ചത് ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അമേരിക്ക ഇപ്പോള്‍ യുനെസ്‌കോയില്‍ നിന്നും പൂര്‍ണ്ണമായി അകലാന്‍ തീരുമാനം എടുത്തിരിക്കുന്നത്. യുനെസ്‌കോയുടെ ഇസ്രായേല്‍ വിരുദ്ധ നയത്തിന്റെ പേരില്‍ യുനെസ്‌കോക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 മുതല്‍ അമേരിക്ക നിര്‍ത്തിയിരുന്നു.  

OTHER SECTIONS