വാട്‌സ്അപ്പിലെ വ്യാജ വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ ആപ്

By Shyma Mohan.29 Jul, 2018

imran-azhar


    ന്യൂഡല്‍ഹി: വാട്‌സ്അപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകളും കെട്ടുകഥകളും പ്രചരിക്കുന്നത് തിരിച്ചറിയാനായി ആപ് വികസിപ്പിച്ചെടുക്കുന്നു. മെസേജുകളായി ലഭിക്കുന്ന വിവരങ്ങള്‍ വ്യാജമാണോ അല്ലയോ എന്ന് കണ്ടെത്തുവാന്‍ ഉതകുന്ന ആപ് ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ പൊന്നുരങ്കം കുമാര ഗുരുവിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധരുടെ സംഘമാണ് ആപ് വികസിപ്പിക്കുന്നത്. വാട്‌സ്അപ്പിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടര്‍ന്ന് നിരവധി ആള്‍ക്കൂട്ട കൊലപാതകമാണ് ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലായി നടന്നത്. ഇതില്‍ മഹാരാഷ്ട്രയിലെ റെയിന്‍പട ഗ്രാമത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് കരുതി 5 പേരെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. കര്‍ണ്ണാടകയിലെ ബിദാറിനടുത്തുണ്ടായ സമാന സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ശ്രദ്ധയില്‍പെടുന്ന വ്യാജ വാര്‍ത്തകള്‍ 9354325700 എന്നീ നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്തുകൊടുക്കണമെന്നും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക കളര്‍ കോഡുകള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങളുടെ സാധുത ആപ് വഴി ഉറപ്പുവരുത്തും.

 

OTHER SECTIONS