വ്യത്യസ്തരായ പാട്ടുകാരുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

By Raji Mejo.28 Feb, 2018

imran-azhar

കൊച്ചി: പാടാനെത്തുന്നവരുടെ വ്യത്യസ്തത കൊണ്ട് എന്നും ശ്രദ്ധേയമാകുന്ന സംഗീത പരിപാടിയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആഴ്ചതോറും നടക്കാറുള്ള ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 209-ാമത്തെ ലക്കത്തില്‍ പാടാനെത്തിയത് ശാസ്ത്രജരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്.
ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ സി രാമചന്ദ്രന്‍, സിഎംഎഫ്ആര്‍ഐയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും ഭുവനേശ്വറിലെ സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടര്‍ അക്വാകള്‍ച്ചറിലെ മുന്‍ ഡയറക്ടറുമായ ഡോ. പി ജയശങ്കര്‍, ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥന്‍ എസ് ലക്ഷമണന്‍, ആകാശവാണി അനൗണ്‍സര്‍ രേണു പ്രകാശ്, ഒറിയന്റല്‍ ബാങ്ക് ഉദ്യോഗസ്ഥ രാജശ്രീ എന്‍ പ്രഭു എന്നിവരാണ് സംഗീത സാന്ത്വന പരിപാടി അവതരിപ്പിച്ചത്.
സ്വര്‍ണ ഗോപുര നര്‍ത്തകീ ശില്‍പം..., എന്ന ഗാനത്തോടെ രാമചന്ദ്രനാണ് പരിപാടി തുടങ്ങിയത്. ശാസ്ത്രസാഹിത്യ പരിഷത്തുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ശാസ്ത്രഗതി എന്ന മാസികയുടെ പത്രാധിപര്‍ കൂടിയാണ്.
ദൂരദര്‍ശനിലും ആകാശവാണിയിലും നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള എസ് ലക്ഷ്മണന്‍ മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനാണ്. തേരി ആങ്‌ഖോം കെ സിവാ..., കഹി ദൂര്‍ ജബ് ദിന്‍..., എന്നീ ഹിന്ദി ഗാനങ്ങളും ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്..., എന്ന മലയാള ഗാനവും ആലപിച്ചു.
പാട്ടിനു പുറമെ റേഡിയോ നാടകങ്ങളില്‍ സജീവമാണ് രേണു പ്രകാശ്. സ്വരക്കൂട്ട് എന്ന സംഗീത കൂട്ടായ്മയുടെ ഭാഗമായ രേണു നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. അവര്‍ പാടിയ കുഴലൂതും കണ്ണനുക്ക്..., എന്ന ഗാനം സദസ്സിനെ ഏറെ ആകര്‍ഷിച്ചു. ഉജ്ജയിനിയിലെ ഗായിക..., നീല ജലാശയത്തില്‍..., എന്നീ ഗാനങ്ങളും അവര്‍ ആലപിച്ചു.
ദേവരാജന്‍-വയലാര്‍ കൂട്ടുകെട്ടിന്റെ ആരാധകനായ ഡോ. ജയശങ്കര്‍ മൂന്നു പാട്ടുകളാണ് പാടിയത്. റംസാനിലെ ചന്ദ്രികയോ..., പാരിജാതം തിരുമിഴി തുറന്നു...., പൊന്നില്‍ കുളിച്ച രാത്രി..., എന്നീ ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്.
പൂന്തേനരുവീ..., തുമ്പീ വാ..., എന്നീ ഗാനങ്ങളുമായി രാജശ്രീയും സദസ്സിനെ കയ്യിലെടുത്തു.