By parvathyanoop.23 06 2022
ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലി റിപ്പബ്ലിക്കില്‍ ഇസ്ലാമിക തീവ്രവാദികളുടെ നരനായാട്ടില്‍ കൊല്ലപ്പെട്ടത് 130 പേര്. ഇക്കാര്യം മാലി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മാലിയിലെ സെന്‍ട്രല്‍ മോപ്തി മേഖലയിലെ ബങ്കാസ് പ്രദേശത്തെ ഗ്രാമങ്ങളിലാണ് കൊലപാതക പരമ്പര അരങ്ങേറിയത്. ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള കതിബ മസിന സായുധ സംഘത്തില്‍പ്പെട്ട ഇസ്ലാമിക ഭീകരരാണ് ആക്രമണം നടത്തിയത് എന്ന് സര്‍ക്കാര്‍ അറിയിച്ചു.
മാലിയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേന ദാരുണമായ സംഭവത്തില്‍ പ്രതികരിച്ചു. മാലിയിലെ സാധാരണ ജനതയ്ക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണം സൂചിപ്പിക്കുന്നത് മാലിയുടെ വടക്ക് മുതല്‍ ബാങ്കാസ് പോലുള്ള രാജ്യത്തിന്റെ പ്രധാന പ്രദേശങ്ങളിലേക്ക് ഇസ്ലാമിക തീവ്രവാദ അക്രമങ്ങള്‍ വ്യാപിപിക്കാന്‍ ആരംഭിച്ചുവെന്നാണ്.
2022 ന്റെ തുടക്കം മുതല്‍ മദ്ധ്യ വടക്കന്‍ മാലിയില്‍ ഇസ്ളാമിക ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2012 ല്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ആദ്യമായി ഉയര്‍ന്നുവന്ന ഇസ്ലാമിക ഭീകരതയെ നിയന്ത്രിക്കാന്‍ പശ്ചിമാഫ്രിക്കയിലെ ഭൂപ്രദേശമായ മാലി പാടുപെടുകയാണ്. ആക്രമണങ്ങള്‍ അയല്‍രാജ്യമായ ബുര്‍ക്കിനാ ഫാസോയിലേക്കും വ്യാപിക്കുകയും മറ്റ് രാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.