പുകയില്ലാത്ത ലോകം

By മനോഹരവര്‍മ്മ രാജ.11 07 2020

imran-azhar

 

 

 

ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യയുള്‍പ്പെട്ട രാജ്യങ്ങള്‍ നല്‍കിയ വാഗ്ദാനമാണ് ഫോസില്‍ ഫ്യുവല്‍ ഉപയോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്ന്. ഇതിനുള്ള പ്രാരംഭ നടപടി ഡീസല്‍ -പെട്രോള്‍ എന്നിവയ്ക്ക് നല്‍കി വരുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കുക എന്നതായിരുന്നു.

 

രണ്ടാം ഘട്ടമായി ഇവയുടെ ഉപഭോഗം കുറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് ഡീസല്‍ വാഹനങ്ങള്‍ പൊതുഗതാഗതത്തിന് ഉപയോഗിക്കാതിരിക്കുക എന്ന നിര്‍ദ്ദേശമാണ് പല രാജ്യങ്ങളും മുന്നോട്ട് വച്ചത്. വന്‍കിട നഗരങ്ങളില്‍ ബസ് സര്‍വ്വീസുകളില്‍ ഇലക്ട്രിക് എന്‍ജിനുകള്‍ ഉപയോഗിക്കുകയാണ് ഇതിനായി ചെയ്തത്.


പെട്രോള്‍ ഉപഭോഗം കുറയ്ക്കുകയാണ് ഇതിനു ശേഷുള്ള നീക്കം. ലോകത്തെ ഒമ്പതോളം രാജ്യങ്ങള്‍ ഡീസല്‍ -പെട്രോള്‍ വാഹനങ്ങള്‍ വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ തങ്ങളുടെ നിരത്തുകളില്‍ ഓടിക്കുന്നത് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഡെന്‍മാര്‍ക്ക്, മെക്സികോ സിറ്റി, പാരീസ്, മാഡ്രിഡ് എന്നീ നഗരങ്ങള്‍ 2025 ഓടെ തങ്ങളുടെ നഗരം ഡീസല്‍ വാഹന മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പന്ത്രണ്ടോളം മഹാനഗരങ്ങളാണ് ഉത്തരത്തില്‍ തീരുമാനം എടുത്തത്. നോര്‍വെ, യുകെ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് തുടങ്ങി ഒമ്പതോളം രാജ്യങ്ങളും ഈ തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ക്ലീന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഐസിസിടി യുടെ നേതൃത്വത്തില്‍ ഇതിനായി വന്‍ പ്രചാരണവും നടത്തിവരികയാണ്. സീറോ എമിഷന്‍ വെഹിക്കിള്‍സ് എന്ന ആശയമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്.

 


കംബസ്റ്റിന്‍ എന്‍ജിനുകളുടെ നിരോധനം നിയമം മൂലം നിരോധിക്കുന്ന ബില്ലുകള്‍ ഇനി വരും ദിവസങ്ങളില്‍ പല രാജ്യങ്ങളുടെയും പാര്‍ലമെന്റുകളില്‍ അവതരിപ്പിക്കും.
നോര്‍വേ പോലുള്ള രാജ്യങ്ങളിലെ കാര്‍വിപണിയില്‍ 50 ശതമാനത്തിലേറെ ഇലക്ട്രിക് കാറുകള്‍ കൈയടക്കിക്കഴിഞ്ഞു. ഡീസല്‍ പെട്രോള്‍ കാറുകള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചാണ് ജനങ്ങളെ ഇവര്‍ അകറ്റുന്നത്. ലണ്ടന്‍ നഗരം അള്‍ട്രോ എമിഷന്‍ സോണ്‍ ആയി പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഡീസല്‍-പെട്രോള്‍ കാറുകള്‍ക്ക് ദിവസവും 12 പൗണ്ടോളം ( ഏകദേശം 1200 രൂപ) ടോളായി ഈടാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 


ഇന്ത്യയും തയ്യാറെടുക്കുന്നു

 

രാജ്യം മുഴുവന്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ 2030 വരെ ഇന്ത്യ കാത്തിരിക്കണം. അടുത്ത മുപ്പത് വര്‍ഷക്കാലത്തിനുള്ളില്‍ ഘട്ടം ഘട്ടമായാകും ഇത് നടപ്പിലാക്കുക. ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച കാറുകള്‍ക്കാകും ആദ്യം പിടിവിഴുക. തുടര്‍ന്ന് പെട്രോള്‍ കാറുകള്‍ക്കും. കാറുകളും ഒപ്പം പൊതുഗതാഗതത്തിനുള്ള ബസുകളും ഇലക്ട്രിക് എഞ്ചിനുകളാക്കി മാറ്റാനാണ് ഇന്ത്യയുടെ പദ്ധതി. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കാനാണ്.ഇന്ത്യ തയ്യാറെടുക്കുന്നത്.


ബെല്‍ജിയം. നെതര്‍ലാന്‍ഡ്സ്, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത.് ഇവര്‍ 2025 ഓടെ ലക്ഷ്യത്തിലെത്തും. ഇതിനൊപ്പം ഡീസലിനും പെട്രോളിനും നികുതി അധികം ചുമത്തി വില വര്‍ദ്ധിപ്പിക്കുക എന്ന നയവും ലോക രാഷ്ട്രങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അടുത്തിടെയുണ്ടായ ഇന്ധന വില വര്‍ദ്ധനവ് ഇനി ഒരു സാഹചര്യത്തിലും കുറയുകയില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നതും ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ്.

 

 

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കിയും സബ്സിഡി നല്‍കിയും ഇതിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതും ഇതിനോടൊപ്പം തന്നെയാണ്. കേരള സര്‍ക്കാര്‍ 2019 ല്‍ പ്രഖ്യാപിച്ച ഇ വെഹിക്കള്‍ പോളിസി അനുസരിച്ച് 2025 ഓടെ ആറായിരം ബസുകള്‍ പുറത്തിറക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. 2022 ഓടെ സംസ്ഥാനത്ത് പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുകയാണ് കേരള സര്‍ക്കാരിന്റെ ലക്ഷ്യം. ഈ വര്‍ഷം പതിനായിരം ഇ റിക്ഷകള്‍ കേരള ഓട്ടോമൊബൈല്‍സ് വഴി നിരത്തിലിറക്കും. റോഡ് ടാക്സ് ഇളവും സബ്സിഡിയും നല്‍കിയാകും ഈ ലക്ഷ്യം കൈവരിക്കുക. നികുതി ഇനത്തില്‍ 50 ശതമാനം ഇളവാണ് ഇ റിക്ഷകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്സില്‍ 25 ശതമാനമാണ് ഇളവ്. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് ഈ ഇളവുകള്‍.


യുഎസ്‌കമ്പനിയായ ടെക്സ് ലാ. ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണവുമായി വളരെ അധികം മുന്നോട്ട് പോയി. എന്നാല്‍. ഇന്ത്യയില്‍ ഈ മേഖലയില്‍ ഇപ്പോഴും വലിയ ചലനങ്ങള്‍ വന്നിട്ടില്ല. ടാറ്റയുടെ നെക്സണ്‍ ഇവി, ടൈഗര്‍ ഇവി, എംജി മോട്ടോഴ്സിന്റെ എസ് യുവി , ഹ്യണ്ടായി കൊനാ ഇവി, മഹീന്ദ്രയുടെ ഇ വെറിറ്റൊ എന്നിവയാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്ന ഇലക്ട്രിക് കാറുകള്‍. 9,12 ലക്ഷം മുതല്‍ 23.95 ലക്ഷം വരെ വിലയുള്ള കാറുകളാണ് ഇവ. മഹീന്ദ്രയുടെ കാറാണ് ഏറ്റവും വിലകുറഞ്ഞത്. ഹ്യുണ്ടായിയുടേത് ഏറ്റവും വിലയേറിയതും.

 

 

പെട്രോള്‍ -ഡിസല്‍ വാഹനങ്ങള്‍ക്കൊപ്പം ഈ കാറുകളുടെ വിലയും കുറയുകയും നികുതിഇളവുകള്‍, സബ്സിഡി എന്നിവ ലഭ്യമാക്കുകയും ചെയ്താല്‍ അടുത്ത മുന്നൂ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് നോര്‍വേയെ പോലെയോ യുകെയെ പോലെയോ മുന്നില്‍ എത്താവുന്നതേയുള്ളു.

 

സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കള്‍സിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 2019 ല്‍ വിറ്റ് പോയത് കേവലം 156000 ഇലക്ട്രിക് വാഹനങ്ങളാണ്. 2018 ല്‍ ഇത് 130,000 ആയിരുന്നു. ഒന്നര ലക്ഷത്തിലേറെ ഇലക്ട്രിക് വെവിക്കിള്‍സ് വിറ്റതില്‍ 130000 ഇരു ചക്ര വാഹനങ്ങളാണ്. 3400 കാറുകളും 600 ബസുകളും ഉണ്ട്. ഈ കണക്ക് വ്യക്തമാക്കുന്നത് ഇന്ത്യയില്‍ ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്നതാണ്. 2019 -20 ഇല്‍ ഇരുപതു ശതമാനത്തോളം വില്‍പന വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. വരും വര്‍ഷങ്ങളിലും ഇത് ക്രമാനുഗതമായി കൂടിയേക്കാം. 

 

 

ഫോസില്‍ ഫ്യുവല്‍ ഫ്രീ വേള്‍ഡ് എന്ന ആശയം സാര്‍വ്വത്രികമായി നടപ്പിലാക്കാന്‍ ആഗോളതലത്തില്‍ എന്‍ജിഒ മുന്നേറ്റമാണ് നടക്കുന്നത്. പാരിസ്ഥിതിക വിഷയമെന്നതിലുപരി പുതിയ ലോക ജീവിത ക്രമം എന്ന തത്വത്തില്‍ അധിഷ്ഠിതമായ മുന്നേറ്റമാണ് നടക്കുന്നത്. ഒരോ നഗരങ്ങളും പിന്നെ രാജ്യങ്ങളും അതുകഴിഞ്ഞ് ലോകവും ഇങ്ങനെ റിന്യൂവിബിള്‍ എനര്‍ജിയിലേക്ക് മാറുകയെന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രത്യാശ. കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്ത ലോകം. ഇതാണ് ലക്ഷ്യം.

 

 

കോവിഡ് കാലത്തെ ലോക് ഡൗണ്‍ മൂലം വാഹനങ്ങള്‍ നിരത്തുകള്‍ ഒഴിഞ്ഞത് ലോകമെമ്പാടും കാര്‍ബണ്‍ ബഹിര്‍ഗമനം തെല്ലൊന്ന് കുറച്ചിരുന്നു. അന്തരീക്ഷ മലിനീകരണം കുറഞ്ഞതോടെ ബീഹാറിലെ ചില അതിര്‍ത്തി ഗ്രാമങ്ങള്‍ എവറസ്റ്റ് കൊടുമുടി കാതങ്ങള്‍ക്കിപ്പുറുത്തുനിന്ന് കണ്ടത് വലിയ വാര്‍ത്തയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം പഞ്ചാബിലെ ചില ഭാഗങ്ങളില്‍ നിന്ന് ഹിമാലയന്‍ പര്‍വ്വതനിരകളും കാണാനായി. ശുദ്ധവായു ഒരോ മനുഷ്യന്റെയും ജന്‍മാവകാശമാണ്. ഇതിന് അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കേണ്ടതുണ്ട്. വ്യവസായശാലകള്‍ രണ്ടുമാസം അടച്ചിട്ടതോടെ യമുനയിലെ ജലം സ്ഫടിക സമാനമായതും വാര്‍ത്തയായിരുന്നു. മലിനമല്ലാത്ത വായുവും ജലവും വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടത് ഒരോ മനുഷ്യന്റേയും ധര്‍മ്മമാണെന്ന് തിരിച്ചറിവു പകര്‍ന്ന് തന്നത് ഈ കൊറോണക്കാലമാണ്. ഡീസലും പെട്രോളും വാഹനങ്ങളുടെ ഇന്ധനമാകുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടത്.

 

 

 

 

 

OTHER SECTIONS