തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ചു; മുങ്ങിയ യാത്രക്കാരനെ തേടി ഡ്രൈവര്‍

By online desk .05 08 2020

imran-azhar

 

 

തൃശൂര്‍: തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച ശേഷം കടന്നുകളഞ്ഞയാളെ തേടി ഡ്രൈവറുടെ പരക്കംപാച്ചില്‍. ചാലക്കുടിയിലെ ഓട്ടോ ഡ്രൈവറായ രേവതാണ് തന്നെ പറ്റിച്ചയാളെ തേടുന്നത്. 7500 രൂപയാണ് ഇദ്ദേഹത്തിന് കിട്ടാനുള്ളത്.കഴിഞ്ഞ മാസം 28ന് രാത്രി ഒരാള്‍ രേവതിന്റെ അരികിലെത്തി. 'അമ്മ മരിച്ചു. തിരുവനന്തപുരം വരെ എത്തണം. കൊണ്ടുവിടാനാവുമോ?' എന്നായിരുന്നു അയാളുടെ ചോദ്യം. സമയം പത്തരയായി. ഓട്ടം നിര്‍ത്തി വീടണയാനുള്ള തയ്യാറെടുപ്പിലായിരുന്നു രേവത്ചുവപ്പ് ഷര്‍ട്ടും ഓറഞ്ച് നിറത്തില്‍ മുണ്ടും ധരിച്ച ഇരുനിറമുള്ളയാള്‍ മുടി നീട്ടി വളര്‍ത്തിയിരുന്നു. കൈവശം ഒരു ബാഗുമുണ്ടായിരുന്നു. കയ്യില്‍ കാശില്ലെന്നും തിരുവനന്തപുരത്ത് എത്തിയാല്‍ തരാമെന്നും പറഞ്ഞു. ഫോണിലൂടെ അളിയനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളും ഉറപ്പ് നല്‍കി.

 

ഡീസലടിക്കാനുള്ള പണം സുഹൃത്തുക്കളില്‍ നിന്ന് വാങ്ങി രേവത് തിരുവനന്തപുരത്തേക്ക് വാഹനം ഓടിച്ചു. ഇടയ്ക്ക് കരുനാഗപ്പള്ളിയില്‍ വച്ച് ഇയാള്‍ക്ക് രേവത് ഭക്ഷണവും വാങ്ങിച്ചു നല്‍കി. അങ്ങനെ തിരുവനന്തപുരത്ത് എത്തി. അമ്മ നെയ്യാറ്റിന്‍കരയിലാണ്, അങ്ങോട്ട് പോകണമെന്ന ആളുടെ അഭ്യര്‍ത്ഥന മാനിച്ച് വണ്ടി നെയ്യാറ്റിന്‍കരയിലേക്ക്. നെയ്യാറ്റിന്‍കരയില്‍ എത്തിയപ്പോള്‍ അമ്മ അവിടെയല്ല, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണെന്നായി. വണ്ടി വീണ്ടും തിരിച്ചുവിട്ടു. ജനറല്‍ ആശുപത്രിയുടെ അകത്തേക്ക് കയറാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

 


നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞ് ആയിരം രൂപയും വാങ്ങി പോയി. പിന്നെ ആളെ കണ്ടിട്ടില്ലെന്ന് രേവത് പറയുന്നു. 6,500 രൂപ വണ്ടിക്കൂലിയും 1000 രൂപ കടമായി നല്‍കിയതും ഉള്‍പ്പെടെ 7,500 രൂപയാണ് രേവതിന് നഷ്ടമായത്. ഒരു മണിക്കൂര്‍ കാത്ത് നിന്നിട്ടും ആള്‍ വരാതായപ്പോഴാണ് രേവതിന് സംശയം തുടങ്ങിയത്. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

 

 

OTHER SECTIONS