വീട്ടിൽ വാക്സിൻ കുത്തിവെപ്പെടുത്ത് കർണാടക മന്ത്രി; കേന്ദ്രം വിശദീകരണം തേടി

By അനിൽ പയ്യമ്പള്ളി.03 03 2021

imran-azhar

ബെംഗളൂരു: കർണാടക കൃഷി മന്ത്രി ബി.സി പാട്ടീൽ വീട്ടിൽനിന്ന് കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്ത സംഭവത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ചൊവ്വാഴ്ചയാണ് ഹവേരി ജില്ലയിലെ ഹിരെകേരൂരിലുള്ള മന്ത്രിയുടെ വീട്ടിലെത്തി ആരോഗ്യ പ്രവർത്തർ വാക്സിൻ നൽകിയത്. മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കുത്തിവെപ്പെടുത്തിരുന്നു.

കോവിഡ് വാക്സിൻ പ്രോട്ടോക്കോളിൽ ഇത് അനുവദനീയമല്ല. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കർണാടക സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം വാക്സിനെടുക്കുന്ന ചിത്രം സഹിതം മന്ത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

താൻ തെറ്റൊന്നും ചെയ്തിട്ടില്ല. ആശുപത്രിയിലെത്തി കുത്തിവെപ്പെടുക്കുമ്പോൾ അവിടെ കാത്തിരിക്കുന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരും. ഇതൊഴിവാക്കാനാണ് വീട്ടിൽവെച്ച് തന്നെ വാക്സിനെടുത്തതെന്ന് പാട്ടീൽ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നടപടിയെ ന്യായീകരിച്ചു. കുത്തിവെപ്പെടുത്ത സ്ഥലം ഏതാണ് എന്നതിനെക്കാൾ പ്രധാനം വാക്സിൻ എടുക്കുക എന്നതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ പാട്ടീലിന്റെ നടപടിയിൽ ആരോഗ്യമന്ത്രി സുധാകർ അതൃപ്തി രേഖപ്പെടുത്തി.

 

OTHER SECTIONS