വസുന്ധര രാജക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ബിജെപി എംഎല്‍എ രാജി വെച്ചു

By Shyma Mohan.25 Jun, 2018

imran-azhar


    ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ബിജെപി എംഎല്‍എ രാജി വെച്ചു. സംസ്ഥാന സര്‍ക്കാര്‍ അധ്യക്ഷയും ചില മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രാജസ്ഥാനെ കൊള്ളയടിക്കുന്നതായും വസുന്ധര രാജെ സ്വജനപക്ഷപാതപരമായി പെരുമാറുന്നതായും ആരോപിച്ചാണ് ബിജെപി എംഎല്‍എയുടെ രാജി. സംഗാനീര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഘനശ്യാം തീവാരിയാണ് വസുന്ധര രാജെയുടെ പേരെടുത്ത് പറയാതെ ആരോപണം ഉന്നയിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് ഘനശ്യം രാജിക്കത്ത് നല്‍കി. വസുന്ധര രാജക്ക് പുറമെ ബിജെപിക്കെതിരെയും ഘനശ്യം വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തും രാജസ്ഥാനിലും അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നും അഴിമതിയുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും ഘനശ്യാം ആരോപിച്ചു. ബിജെപിയില്‍ നിന്ന് രാജി വെച്ച ഘനശ്യാം മകന്‍ അഖിലേഷിന്റെ ഭാരത് വാഹിനി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സംഗാനീര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കഴിഞ്ഞയാഴ്ചയാണ് ഭാരത് വാഹിനി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയത്.