താക്കറെയുടെ വള്‍ച്ചര്‍ പരാമര്‍ശം: അമിത് ഷാ ഒരു കഴുകന്‍ എന്ന് ബിജെപി

By Shyma Mohan.22 09 2022

imran-azhar

 


മുംബൈ: ഷിന്‍ഡെ ഗ്രൂപ്പിനെയും ബിജെപിയെയും അതിരൂക്ഷമായി വിമര്‍ശിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേനാ ബ്രാഞ്ച് മേധാവികളുടെയും ഗ്രൂപ്പ് മേധാവികളുടെയും സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഉദ്ധവ് താക്കറെ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചത്.

 

അമിത് ഷായുടെ രാജ്യദ്രോഹ തന്ത്രങ്ങള്‍ വിജയിക്കില്ലെന്ന് താക്കറെ മുന്നറിയിപ്പ് നല്‍കി. ഇന്ന് മുംബൈയുടെ ബന്ധങ്ങള്‍ തകര്‍ക്കാന്‍ കഴുകന്‍മാര്‍ വിഹരിക്കുകയാണ്. ശിവാജി മഹാരാജിന്റെ ചരിത്രം നമുക്കറിയാം. അക്കാലത്ത് ആദില്‍ ഷാ ഉള്‍പ്പെടെ നിരവധി പേര്‍ വന്നു. ഇപ്പോള്‍ അമിത് ഷായും ഇവിടെ വന്നുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുംബൈയില്‍ വരുന്നു.

 

ആരൊക്കെ വന്നാലും പേടിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ പോരാടും. ഹിന്ദു - മുസ്ലീം, മറാഠി - മറാഠി ഇതര വിഭാഗത്തെ ഭിന്നിപ്പിക്കുന്ന തന്ത്രങ്ങള്‍ ഇവിടെ വിജയിക്കില്ല. ശിവസേന ഹിന്ദുക്കളെയും മുസ്ലീം സഹോദരങ്ങളെയും മറാത്തി ഇതര ജനങ്ങളെയും ഇതുവരെയും കോവിഡ് കാലത്തും സഹായിച്ചിട്ടുണ്ട്. അതിനാല്‍ മുസ്ലീങ്ങളും ഗുജറാത്തികളും ഉത്തരേന്ത്യക്കാരും സാമൂഹിക ഗ്രൂപ്പുകളില്‍ നിന്നുള്ള എല്ലാ സഹോദരങ്ങളും ശിവസേനക്കൊപ്പമാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.

 

അതേസമയം താക്കറെയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി വക്താവ് കേശവ് ഉപാധ്യായ രംഗത്തുവന്നു. ട്വീറ്റിലൂടെയാണ് കേശവ് ഉപാധ്യായ മറുപടി നല്‍കിയത്. പെന്‍ഗ്വിനുകളുടെ തലവന്‍ ഇന്നലെയും അതേ ക്രൂരമായ ആവേശം പ്രകടിപ്പിച്ചു. അവരുടെ കാഴ്ചശക്തി നശിച്ചതിനാല്‍ വള്‍ച്ചറും കഴുകനും തമ്മിലുള്ള വ്യത്യാസം അവര്‍ക്കറിയുന്നില്ലെന്നായിരുന്നു ബിജെപി വക്താവിന്റെ പരിഹാസം. അമിത് ഷാ ഒരു കഴുകനാണ്. കുറഞ്ഞത് ആ വ്യത്യാസമെങ്കിലും മനസിലാക്കൂ എന്ന് കേശവ് ഉപാധ്യായ പറഞ്ഞു.

OTHER SECTIONS